elippa

വള്ളികുന്നം: ആൾ താമസമില്ലാതെ അടച്ചിട്ടിരുന്ന വീടിന്റെ പിൻവശത്ത് ചാക്കുകെട്ടുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 18 കിലോയോളം ക‌ഞ്ചാവ് , മാവേലിക്കര എക്സൈസ് സംഘം പിടികൂടി. ഇലിപ്പക്കുളം നാമ്പുകുളങ്ങരയ്ക്ക് സമീപത്തെ വീട്ടിൽ നിന്നാണ് മാവേലിക്കര റേഞ്ച് പാർട്ടിയും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കഞ്ചാവിന് ഏകദേശം 18 ലക്ഷം രൂപ വിലവരും. ഇന്ന് രാവിലെ പത്തുമണിയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം നാമ്പുകുളങ്ങരയിലെ വീട്ടിലെത്തിയത്. കഞ്ചാവെത്തിച്ചവരെ തിരിച്ചറിയാൻ പ്രദേശത്തെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീല ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് പിടികൂടിയത്.അസി.എക്സൈസ് ഇൻസ്പെക്ടർ വി.രമേശൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ അബ്ദുൽ ഷുക്കൂർ ,​പ്രിവന്റീവ് ഓഫീസർ പി.ആർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ,​ സുരേഷ് ,​വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മികൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിടികൂടിയ കഞ്ചാവ് എക്സൈസ് ഓഫീസിലേക്ക് മാറ്റി.