അമ്പലപ്പുഴ: ശക്തമായി തുടരുന്ന മഴയിൽ വെള്ളക്കെട്ടിലായി ദേശീയപാത. ആലപ്പുഴ മെഡിക്കൽ കോളേജിന് മുന്നിലെ വെള്ളക്കെട്ട് രൂക്ഷമായി. ദേശീയപാതയുടെ കിഴക്കുവശം ചേർന്ന് പോകുന്ന വാഹനങ്ങളുടെ പകുതിയും വെള്ളത്തിലാകുന്ന സ്ഥിതിയാണ്.
വെള്ളക്കെട്ടറിയാതെ രാത്രിയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാദ്ധ്യത ഏറെയാണ്. ദേശീയപാത നിർമ്മാണമാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാകാൻ കാരണം.
പുന്നപ്ര കാർമൽ പോളിടെക്നിക്കിന് തെക്ക് വശത്തെ വെള്ളക്കെട്ട് അപകടക്കെണിയായി മാറിയിട്ടുണ്ട്. റോഡ് നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങളെ ദിശമാറ്റിവിടുന്നതും
ട്രാഫിക് നിയന്ത്രിക്കാൻ ആളില്ലാത്തതും അപകടം വിളിച്ചുവരുത്തും. ദേശീയ പാതയിലെ വെള്ളക്കെട്ടിന് താത്കാലികമായെങ്കിലും പരിഹാരം കണ്ടില്ലെങ്കിൽ കനത്ത മഴയിൽ വൻ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് യാത്രക്കാർ പറയുന്നു.
വഴിയിൽ വാരിക്കുഴി
ദേശീയപാതയിൽ തോട്ടപ്പള്ളിക്കും കളർകോടിനുമിടയിലെ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ, തിരുവല്ല ഭാഗത്തേക്ക് ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്ത് റോഡ് പൊട്ടി പ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതിൽ അധികവും ഇരുചക്രവാഹനങ്ങളാണ്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് അടക്കം കടന്നുപോകുന്ന വഴിയായിട്ടും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല.