ഹരിപ്പാട് : തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി തർപ്പണം ആഗസ്റ്റ് 3ന് നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ അധീനതയിലുള്ള 301-ാം നമ്പർ ശാഖയുടെ ഭരണത്തിലാണ് തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം.
വാവുബലിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സർക്കാരിന്റെ വിവിധവകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂർ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ യോഗം കൂടി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഈ വർഷം 4ലക്ഷം പേരെങ്കിലും ഇവിടെ ബലിതർപ്പണത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഹരിപ്പാട്, മാവേലിക്കര, കായംകുളം,ചെങ്ങന്നൂർ, എന്നീ സ്ഥലങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പാലം ദേശീയ ജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു നീക്കി പുനർനിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ കിഴക്ക് നിന്നും വരുന്ന ഭക്തജനങ്ങൾ നങ്ങ്യാർകുളങ്ങര-കാർത്തികപ്പള്ളി വഴി പടിഞ്ഞാറോട്ട് പുളിക്കീഴ് പാലത്തിനു വടക്കു ഭാഗത്തുകൂടി എൻ.ടി.പി.സി ഗ്രൗണ്ടിലും കൂടാതെ തൃക്കുന്നപ്പുഴ പാലത്തിന് കിഴക്കുവശം വന്ന് ചീരച്ചേരി പാലം മുതൽ വടക്കോട്ട് എൻ.ടി.പി.സി ഗ്രൗണ്ട് വരെയും വാഹനങ്ങൾ പാർക്ക് ചെയ്യണം.
തൃക്കുന്നപ്പുഴ പാലത്തിന് സമാന്തരമായുള്ള താൽക്കാലിക പാലത്തിലൂടെ ക്ഷേത്രത്തിലേക്കും സമുദ്രതീരത്തേക്കും ബലിതർപ്പണത്തിനായി പോകാവുന്നതാണ്. ബലിതർപ്പണ ശേഷമുള്ള പിതൃപൂജ-തിലഹവനം എന്നിവ ക്ഷേത്രത്തിൽ നടത്തി തിരിച്ചു പോരുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള കാണിക്ക മണ്ഡപത്തിന്റെ സമീപത്തുകൂടി ജങ്കാർ വഴി തിരികെ പോകണം. വടക്കു നിന്നു വരുന്ന ഭക്തജനങ്ങൾ തൃക്കുന്നപ്പുഴ പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. കരുവാറ്റ, വീയപുരം,എടത്വ ഭാഗങ്ങളിൽ നിന്നും വരുന്ന ഭക്തജനങ്ങൾക്ക് കരുവാറ്റ ഹൈസ്കൂളിന് വടക്കുവശത്തുനിന്ന് പല്ലന-കുമാരകോടി പാലം വഴി തൃക്കുന്നപ്പുഴയിൽ എത്താം. വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ഉദയഭാനു, സെക്രട്ടറി -ഇൻ- ചാർജ് എം. മനോജ്, വൈസ് പ്രസിഡന്റ് . കെ.സുധാകരൻ നായർ, ട്രഷറർ പി.പത്മാലയൻ, ദേവസ്വം മാനേജർ ബി.ഉണ്ണി എന്നിവർ പങ്കെടുത്തു.
പുലർച്ചെ നാലിന് ആരംഭം
പുലർച്ചെ നാല് മണി മുതൽബലികർമങ്ങൾ ആരംഭിക്കും
കടപ്പുറവും ക്ഷേത്ര പരിസരവും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും
പൊലീസ്, ഫയർ ഫോഴ്സ് വകുപ്പുകളുടെ സഹായത്തിനായി വോളണ്ടിയർമാർ ഉണ്ടാകും
40ൽപ്പരം പുരോഹിതന്മാർക്കുള്ള ഇരിപ്പിടങ്ങൾ ക്ഷേത്രത്തിന്റെ മേൽനോട്ടത്തിൽ കടപ്പുറത്തു തയ്യാറാക്കിയിട്ടുണ്ട്.
ഭക്തജങ്ങൾക്ക് പ്രാഥമിക ചികിത്സ ആവശ്യങ്ങൾക്ക് അലോപ്പതി, ആയുർവേദ ,ഹോമിയോ വിഭാഗങ്ങളുടെ സേവനം, ആംബുലൻസ് സൗകര്യം എന്നിവ ക്ഷേത്ര പരിസരത്തു ലഭ്യമായിരിക്കും
ചുക്ക് കാപ്പി-ചുക്കുവെള്ള വിതരണവും ഉണ്ടായിരിക്കും.
പുരോഹിതർക്ക് രജിസ്ട്രേഷൻ
പുരോഹിതരായി എത്തുന്നവർ ആധാർ കാർഡ്, പൗരോഹിത്യത്തിന് അർഹത നിശ്ചയിക്കുന്ന രേഖകൾ, സെക്യൂരിറ്റി തുക 5000/- ഇവ സഹിതം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 2ന് മുമ്പ് ദേവസ്വം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം