ആലപ്പുഴ: 25 ശതമാനത്തിലധികം അന്യസംസ്ഥാനക്കാർ തുഴയുന്ന ചുണ്ടൻ വള്ളത്തെ അയോഗ്യരാക്കുമെന്ന് ക്യാപ്റ്റൻസ് ക്ലിനിക്കിൽ നിർദ്ദേശം.
തുഴച്ചിൽകാർ നീന്തൽ പരിശീലനം ലഭിച്ചവരും, 18 വയസ് പൂർത്തിയായവരും, 55 വയസ്സിൽ കൂടാടാത്തവരുമായിരിക്കണം. മത്സര വളളങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ഉള്ളവർ, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തു‌ക്കൾ ഉപയോഗിക്കുന്നവർ പങ്കെടുക്കാൻ പാടില്ല. അശ്ലീലപ്രദർശനവും, അച്ചടക്ക ലംഘനവും നടത്തുന്നവർക്ക് 5 വർഷം വിലക്ക് ഏർപ്പെടുത്തും. മത്സര ദിവസം വള്ളങ്ങളിൽ പ്രദർശിപ്പിക്കാൻ കമ്മിറ്റി തരുന്ന നമ്പരും നെയിംബോർഡും (സ്‌പോൺസർഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യരുത്. മത്സര ദിവസം ഉച്ചയ്ക്ക് 2ന് മുമ്പായി എല്ലാ ചുണ്ടൻ വളളങ്ങളും യൂണിഫോംധാരികളായ തുഴക്കാരോടൊപ്പം മാസ്ഡ്രില്ലിൽ പങ്കെടുക്കണം.

ട്രാക്ക് മാറുകയോ മത്സരത്തിന് തടസ്സം വരുത്തുകയോ ചെയ്താൽ വള്ളങ്ങളെ അയോഗ്യരാക്കാം. ക്യാപ്റ്റനും ക്ലബ്ബിനുമെതിരെ നടപടി സ്വീകരിക്കും.മത്സരദിവസം ഒരു വള്ളത്തിൽ മത്സരിച്ചശേഷം ടീമംഗങ്ങൾ വള്ളം മാറി മത്സരിക്കാൻ പാടില്ല.
വനിതകൾ തുഴയുന്ന വളളങ്ങളിൽ പരമാവധി 5 പുരുഷന്മാരേ ങ്കെടുപ്പിക്കാം. അവർ തുഴയാൻ പാടില്ല. സാരി ഉടുത്ത് തുഴയുവാൻ അനുവദിക്കില്ല, ട്രാക്ക് സൂട്ടും ജേഴ്സിയും ധരിക്കണം.
ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ 11 ന് ആരംഭിച്ച് 12.30 ന് അവസാനിക്കും.

വള്ളങ്ങളും തുഴക്കാരും

ചുണ്ടൻവളളങ്ങൾ.............75 - 95

എ ഗ്രേഡ് വെപ്പ് ഓടി.........45- 60

ബി ഗ്രേഡ് വെപ്പ് ഓടി.........25-35

ഇരുട്ടുകുത്തി എ ഗ്രേഡ്....45-60

ഇരുട്ടുകുത്തി ബി ഗ്രേഡ്....25- 35

ഇരുട്ടുകുത്തി സി ഗ്രേഡ്.....25ൽ താഴെ

ചുരുളൻ................................ 25-35

തെക്കനോടി വനിതാവള്ളം..30 ൽ കുറയരുത്

( തുഴക്കാർക്ക് പുറമേ നിലക്കാരും, പങ്കായക്കാരും ഉണ്ടാകും)