ആലപ്പുഴ: നഗരത്തിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈനിനുവേണ്ടി കുഴിച്ച കുഴികളിൽ പതിയിരിക്കുന്നത് വൻ ദുരന്തം. കഴിഞ്ഞദിവസം ആറാട്ടുവഴി എച്ച്.പി പെട്രോൾ പമ്പിന് സമീപത്തെ കുഴിയിലകപ്പെട്ട ദിലീപെന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നഗരത്തിലെ ദുരന്ത സാഹചര്യത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. ദേശീയ പാതയും നഗരത്തിലെ തിരക്കേറിയ റോഡുകളുമെല്ലാം സിറ്റിഗ്യാസ് പൈപ്പിടീലിനായി തുറന്ന് മറിച്ച നിലയിലാണ്. പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായ സ്ഥലങ്ങൾ മണ്ണിട്ട് മൂടിയിട്ടുണ്ടെങ്കിലും മഴ ശക്തമായതോടെ ഇവിടെ പലയിടത്തും ഗട്ടറുകളും കുഴികളും രൂപപ്പെട്ട് അപകടസ്ഥിതയാണ്. നഗരത്തിൽ ജനറൽ ആശുപത്രി, പിച്ചു അയ്യർ, ഇരുമ്പ് പാലം , വൈ.എം.സി.എ പാലം , കൊമ്മാടി റോഡ‌്, പിച്ചുഅയ്യർ ജംഗ്ഷനിൽ പടിഞ്ഞാറേക്കുള്ള കല്ലൻ റോഡിലുമാണ് നിലവിൽ സിറ്റി ഗ്യാസിന് കുഴി തുരന്നിട്ടുള്ളത്. കല്ലൻ റോഡിലാണ് നിലവിൽ പൈപ്പിടീൽ ജോലികൾ പുരോഗമിക്കുന്നത്. പൈപ്പ് സ്ഥാപിക്കാനായി റോഡ് മൊത്തത്തിൽ കിളിച്ചിളക്കാതെ ഹൊറിസോണ്ടൽ ഡയറക്ട് ഡ്രില്ലിംഗ് മെത്തേഡ് വഴിയാണ് കരാർ കമ്പനി സിറ്രി ഗ്യാസിന്റെ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതിനായി തുരന്ന കുഴികളെ സംബന്ധിച്ച് യാത്രക്കാർക്ക് മതിയായ മുന്നറിയിപ്പുകൾ നൽകാത്തതും മഴ സമയത്ത് വെള്ളക്കെട്ടിലകപ്പെടുന്ന റേഡുകളിൽ കുഴിയും ചെളിയും തിരിച്ചറിയാത്തുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.പൈപ്പ് സ്ഥാപിക്കാനായി തുരന്ന കുഴികൾ എത്രയും വേഗം പൂർവ്വ സ്ഥിതിയിലാക്കുകയോ മതിയായ അപകട മുന്നറിയിപ്പുകളോ സുരക്ഷാ നടപടികളോ സ്വീകരിക്കുകയോ വേണമെന്നാണ് നഗരവാസികളുടെ ആവശ്യം.

.....................

# പൈപ്പിടീൽ ജോലികൾ നടക്കുന്നത്

എസ്.ഡി കോളേജ് ജംഗ്ഷൻ- കൊമ്മാടി

ഹൊറിസോണ്ടൽ ഡയറക്ട് ഡ്രില്ലിംഗ് മെത്തേഡ് വഴി തുരന്ന വലിയ കുഴികൾ- 36

പദ്ധതിയ്ക്കായി തുരക്കാൻ അനുമതി തേടിയ റോഡുകളുടെ നീളം- 40 കി.മീ

....................

'' അപകട സാഹചര്യം കണക്കിലെടുത്ത് മുഴുവൻ കുഴികളും മൂടാനും , മുമ്പ് തുരന്ന സ്ഥലങ്ങൾ സുരക്ഷിതമാക്കാനും ജില്ലാ കളക്ടർ കരാർ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്

-ദുരന്ത നിവാരണ അതോറിട്ടി ,​ ആലപ്പുഴ