അരൂർ: അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ദേശീയപാതയിലുണ്ടാകുന്ന യാത്രാ ദുരിതത്തിനും നിത്യേനയുള്ള അപകടങ്ങൾക്കും ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങൾ ഇന്ന് റോഡിന്റെ കിഴക്കേ വശത്ത് മനുഷ്യച്ചങ്ങല തീർക്കും.

തുറവൂർ - അരൂർ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് വൈകിട്ട് 4.30 ന് അരൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ തുറവൂർ ജംഗ്ഷൻ വരെ നാട്ടുകാർ ഒന്നടങ്കം കൈകോർക്കുന്നത്. എലിവേറ്റഡ് ഹൈവേയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം ഇതിനകം 25 ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്. ഒന്നര വർഷമായി ജനങ്ങൾ അനുഭവിക്കുന്ന തീരാദുരിതങ്ങൾക്കെതിരെ ഹൈക്കോടതിയും കളക്ടറും ഇടപെട്ടിട്ടും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും പ്രശ്നപരിഹാരം ഇഴയുകയാണെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനകീയ സമിതി ചെയർമാൻ ജെ.ആർ.അജിത്ത്, കൺവീനർ സനീഷ് പായിക്കാട്, ഫാ. ജോസഫ് കരുത്തേടത്ത്, ജിസ്, സിയാദ്, എ.കെ. അരുൺകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.