മാന്നാർ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടംപേരൂരിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിൽ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. സജു തോമസ് (എൽ.ഡി.എഫ്), എസ്.ചന്ദ്രകുമാർ (യു.ഡി.എഫ്), എൻ.ശ്രീക്കുട്ടൻ (എൻ.ഡി.എ), ചന്ദ്രൻ (സ്വതന്ത്രൻ) എന്നിവരാണ് മത്സരിക്കുന്നത്. നാളെ രാവിലെ മാന്നാർ പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ നടക്കും. മാന്നാർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ഈ വാർഡിൽ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ആകെയുള്ള 18 വാർഡിൽ എൽ.ഡി.എഫും യു.ഡി.എഫും എട്ട് സീറ്റുകളുമായി തുല്യ ശക്തികളായി നിൽക്കുന്ന മാന്നാർ ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എയ്ക്ക് ഒരു സീറ്റുമുണ്ട്. ഒരു സീറ്റ് കൂടി നേടി ഭരണ സമിതിക്ക് കരുത്ത് കൂട്ടാൻ എൽ.ഡി.എഫും മേൽക്കൈ നേടാൻ യു.ഡി.എഫും അംഗബലം വർദ്ധിപ്പിക്കാൻ എൻ.ഡി.എ യും ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം കൊടുത്തത്. സംസ്ഥാന നേതാക്കളെ വരെ പങ്കെടുപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളായിരുന്നു മൂന്നു മുന്നണികളും കഴിഞ്ഞ രണ്ടാഴ്ചകളിലായി നടത്തിയത്. രണ്ടു ദിവസങ്ങളിലായി തുടരുന്ന മഴയും കാറ്റും വോട്ടെടുപ്പിന് ബാധിക്കുമോയെന്ന ആശങ്കയിലാണ് മുന്നണികൾ.