അരൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ ദേശീയപാതയിൽ കനത്ത മഴയെ തുടർന്ന് വീണ്ടും വൻ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യാത്രാദുരിതത്തിൽ നാട്ടുകാർ. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഇതു വഴി സഞ്ചരിക്കുവാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ട സ്ഥിതിയാണ്. പൈലിംഗിനു ശേഷം പുറന്തള്ളുന്ന രാസലായനി കലർന്ന ചെളി സർവീസ് റോഡിലാകെ പരന്ന് കിടക്കുന്നതിനാൽ ഇരുചക്ര-കാൽ നടയാത്രക്കാർ തെന്നി വീഴുന്നത് നിത്യസംഭവമാണ്. ഇന്നലെ ഉച്ചയ്ക്ക് ചന്തിരൂർ സ്കൂളിന് വടക്ക് ഭാഗത്തുള്ള കുഴിയിൽ വീണ സ്കൂട്ടർ യാത്രികരെ പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷിച്ചത്. കഴിഞ്ഞ ദിവസം നിരവധി ബൈക്കുകളും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ദേശീയപാതയുടെ മദ്ധ്യത്തിൽ കൂട്ടിയിട്ടിരിക്കുന്നവ നല്ല മഴയിൽ റോഡിന്റെ ഇരുവശത്തേക്കും ഒഴുകിയെത്തുന്നതാണ് പ്രശ്നമാകുന്നത്. ഇത് പിന്നീട് ചെളിക്കുളമായി മാറുകയും ചെയ്യും. പുറന്തള്ളുന്ന ചെളി യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ഹൈക്കോടതിയുടെ അമിക്കസ് ക്യൂറിയും കർശന നിർദ്ദേശം നൽകിയെങ്കിലും കരാർ കമ്പനി അത് പാലിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
........
നാട്ടുകാരുടെ പ്രതിഷേധം
ചെളിവെള്ളം ടാങ്കർ ലോറികളിൽ സംഭരിച്ച് ചന്തിരൂർ പുത്തൻ തോട്ടിൽ ഒഴുക്കിയതിനെതിരെ നാട്ടുകാർ പ്രതിക്ഷേധമുയർത്തുകയും പൊലീസ് അത് തടയുകയും ചെയ്തതോടെ നിലവിൽ അതും നിലച്ച മട്ടാണ്. പെയ്ത്തു വെള്ളം ഒഴുകിപോകാൻ കാനകളോ മറ്റ് സംവിധാനമോ ഇല്ലാത്തതിനാൽ ദേശീയപാതയിൽ വെള്ളക്കെട്ട് മഴക്കാലത്ത് നിത്യകാഴ്ചയാണ്. റോഡിലെ പല ഭാഗങ്ങളിലും വീണ്ടും വൻ കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങളും വർദ്ധിക്കുകയാണ്. എരമല്ലൂർ മുതൽ അരൂർ വരെ ദേശീയപാതയിലെ യാത്ര ഏറ്റവും ദുഷ്ക്കരമാണ്.