ആറാട്ടുപുഴ :ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച മിനി എം.സി.എഫുകളുടെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി ആക്ഷേപം. എസ്റ്റിമേറ്റിൽ പറഞ്ഞിരുന്ന നിർമ്മാണ സാമഗ്രികൾക്ക് പകരം വില കുറഞ്ഞ ജി.ഐപൈപ്പുകൾ ഉപയോഗിച്ചാണ് മിനി എം.സി.എഫുകളുടെ നിർമ്മാണം നടത്തിയതെന്നാണ് ആരോപണം. നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് എസ്.ശ്യാം കുമാർ നൽകിയ പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ കൃത്രിമ രേഖ ചമച്ചു മിനി എം.സി.എഫിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചു എന്ന വിവരം പുറത്തു വന്നത്.