മാന്നാർ: ഇന്ത്യയിൽ ആദ്യമായി ശ്രീനാരായണഗുരുദേവ കൃതിക്ക് (ആശ്രമേ ആസ്മിൻ) ഹിന്ദുസ്ഥാനി സംഗീതം പകർന്ന് ആലപിച്ച് നിരവധി അംഗീകാരങ്ങൾ നേടിയ മോഹൻ പരുമല ചലച്ചിത്ര ലോകത്തേയ്ക്ക്. ഗായകനായും സംഗീത സംവിധായകനായും നാലു പതിറ്റാണ്ട് പിന്നിട്ട മോഹൻ പരുമല, കോബ്ര രാജേഷ് (ആക്ഷൻ ഹീറോ ബിജു ഫെയിം) രചനയും സംവിധാനവും നിർവഹിക്കുന്ന 'വാളയാർ കോളനി ' എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ്
ചലച്ചിത്ര ലോകത്ത് എത്തുന്നത്.
പരുമല മണിപ്പുഴ തോപ്പിൽ പരേതരായ തിരുവന്റെയും ജാനകിയുടെയും മകനായ മോഹൻ പരുമല, പതിനഞ്ചോളം ഭക്തിഗാന ആൽബങ്ങൾക്ക് ഇതിനകം സംഗീതം നൽകിയിട്ടുണ്ട്. ഇവയിൽ മഹാത്മ അയ്യങ്കാളിയുടെ യുഗപ്രഭാവൻ, നിരണം തൃക്കുപാലീശ്വരം ക്ഷേത്രത്തിലെ ശിവവൈഖരി തുടങ്ങിയവ ശ്രദ്ധേയമാണ്.
ചെറുപ്പം മുതലേ സംഗീതത്തെ സ്നേഹിച്ചിരുന്ന മോഹൻ പരുമല, കർണാടിക് സംഗീതമാണ് അഭ്യസിച്ചത്. സംഗീതജ്ഞരായ മാവേലിക്കര ഭാസ്കരൻ, ഭരണിക്കാവ് വാസുദേവൻ, അമ്പലപ്പുഴ കൃഷ്ണൻകുട്ടി തുടങ്ങിയവരാണ് പ്രധാന ഗുരുക്കന്മാർ.
ആലാപനത്തിലൂടെ അടുത്തറിഞ്ഞ ഗുരുദേവ കൃതികളെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരികതയിൽ കൂടുതൽ ഹൃദ്യമാക്കാൻ ഇരുപത് വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞതോടെ,
ഗുരുദേവ ക്ഷേത്രങ്ങളിൽ ശ്രീനാരായണ ഗുരുദേവകൃതികളും സ്തുതികളും അവതരിപ്പിക്കാൻ മോഹൻ പരുമലയെ തേടി ഇന്നും സംഘാടകരെത്താറുണ്ട്.
നിരവധി ആൽബങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ദിയാ രതീഷും ചേർന്നാണ് ഗുരുദേവ കൃതികളുടെ ആലാപനം. പഴയ ചലച്ചിത്ര ഗാനങ്ങളും ഗസലുകളും ഉൾപ്പെടുത്തി 'സ്വരമഴ' എന്ന പരിപാടിയും അവതരിപ്പിച്ചു വരുന്ന മോഹൻ, സംഗീത ക്ളാസുകളും നടത്തി വരുന്നു.
മാന്നാർ പല്ലവി മ്യൂസിക്, തിരുവല്ല പുളിക്കീഴ് തരംഗം മ്യൂസിക് എന്നിവിടങ്ങളിലാണ് ക്‌ളാസ്. മാളികപ്പുറം സിനിമയിൽ ഹരിവരാസനം ആലപിച്ച പ്രകാശ് പുതൂരിന്റെ ആലാപനത്തിൽ പുറത്തിറങ്ങുന്ന ഓണപ്പാട്ടുകളുടെ സംഗീത നിർവഹണവും മോഹൻ പരുമലയാണ്. എം.ജി ശ്രീകുമാർ, ആതിര മുരളി, അനു കടമ്മനിട്ട തുടങ്ങിയ പ്രമുഖ ഗായകർ മോഹൻ പരുമലയുടെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വളഞ്ഞവട്ടം ജനനി നൃത്തവിദ്യാലയത്തിലെ അദ്ധ്യാപിക സുകുമാരിയാണ് ഭാര്യ. സംഗീതജ്ഞനും സൗണ്ട് എൻജിനിയറുമായ ശ്യാംമോഹൻ മകനും ശാരിമോഹൻ മകളുമാണ്.