bdjs

ചേർത്തല: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നുന്ന സാഹചര്യത്തിൽ കൂടുതൽ സഹായം നൽകാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും ഇതിനായി പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണുമെന്നും എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർവെള്ളാപ്പള്ളി പറഞ്ഞു. നിലവിൽ സൈന്യത്തിന്റെയും നേവിയുടെയും സേവനങ്ങൾ ലഭ്യമാക്കിയ നടപടി സ്വാഗതാർഹമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസുമായും മുഖ്യമന്ത്രിയുമായും കൂടുതൽ സേവനങ്ങൾക്കായി സംസാരിച്ചതായും തുഷാർ പറഞ്ഞു.
താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണമെന്നും തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസ് പ്രവർത്തകർ സന്നദ്ധ സേവനത്തിനായി രംഗത്തിറങ്ങണമെന്നും ക്യാമ്പുകളിൽ അധിവസിക്കുന്നവർക്കായി ഭക്ഷണവും വെള്ളവും വസ്ത്രവും നൽകാൻ ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നും ആരോഗ്യ പരിപാലത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ എല്ലാ അംഗങ്ങളും രംഗത്തിറങ്ങണമെന്നും തുഷാർ വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.