ആലപ്പുഴ: വയനാട് ചൂരൽമല രക്ഷാദൗത്യത്തിനായി ആലപ്പുഴയിൽ നിന്നുള്ള 25 അംഗ അഗ്നിശമന സംഘം പുറപ്പെട്ടു. ആലപ്പുഴ ജില്ലാഫയർ ഓഫീസർ രാംകുമാറിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ, കായംകുളം, മാവേലിക്കര, തകഴി, ചേർത്തല സ്റ്റേഷനുകളിൽ നിന്നുള്ള സംഘമാണ് ദുരന്ത സ്ഥലത്തേക്ക് തിരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെ വയനാട്ടിലേക്ക് തിരിച്ച സംഘം രാത്രിയോടെയാണ് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇന്നും കൂടുതൽ അഗ്നിശമനസേന അംഗങ്ങൾ വയനാട്ടിലേക്ക് തിരിക്കും. കരയിലും വെള്ളത്തിലും രക്ഷാപ്രവർത്തനങ്ങളിൽ വൈദഗ്ദ്യമുള്ള സംഘത്തെയാണ് ചൂരൽമല ദൗത്യസംഘത്തിലേക്ക് നിയോഗിച്ചിട്ടുള്ളത്. വെള്ളത്തിൽ തെരച്ചിലിനുള്ള ഡിങ്കിയുൾപ്പെടെ രക്ഷാപ്രവർത്തനത്തിനാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളുമായാണ് സംഘം എത്തിയിട്ടുള്ളത്. വാഹനവ്യൂഹത്തിൽ ആംബുലൻസും ഉൾപ്പെടുത്തിയിട്ടുണ്ട്.