പൂച്ചാക്കൽ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേർത്തല രണ്ടാം വാർഡ് വേളോർവട്ടം കരിയിൽ പരേതനായ സോമന്റെ മകൻ ബൈജു (സുഭാഷ് -40) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പള്ളിപ്പുറം വടക്കുംകര തയ്യേഴത്ത് പാലത്തിലായിരുന്നു അപകടം. ബൈജുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ, സ്വകാര്യ ബസിന്റെ പിൻ ഭാഗം തട്ടി നിയന്ത്രണം വിട്ട് പാലത്തിലെ വാട്ടർ അതോറിട്ടിയുടെ ഇരുമ്പ് പൈപ്പിൽ ഇടിച്ച് റോഡിൽ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ ബൈജു മരിച്ചു. ഭാര്യ: ഷൈനദ. മക്കൾ: ആകാശ്, ഗൗരീശങ്കർ.