കായംകുളം: കായംകുളത്ത് ദേശീയപാതയിൽ തൂണിൽതീർത്ത ഉയരപ്പാത വേണമെന്ന് ആവശ്യപ്പെട്ട് , ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒന്നിന് നടക്കുന്ന മനുഷ്യ മതിലിൽ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ജനകീയ സമരസമിതി അഭ്യർത്ഥിച്ചു. സമരം വിജയിപ്പിക്കണമെന്ന് കായംകുളത്തെ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും യോഗം ചേർന്നുകൊണ്ട് ആഹ്വാനം ചെയ്തിട്ടുണ്ട്.വിഷയം പാർലമെന്റിൽ കെ.സി.വേണുഗോപാൽ എം.പി അവതരിപ്പിക്കുകയും പരിഹാരം ഉണ്ടാകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി വെങ്കിട്ട രമണൻ എന്ന ഏകാംഗ കമ്മീഷനെ നിയമിക്കുകയും , അദ്ദേഹം റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെ ഏകപക്ഷീയമായി നിർദിഷ്ട മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ചെടുക്കുവാനുള്ള ശ്രമത്തെ ജനകീയ സമരസമിതി അപലപ്പിച്ചു.
സമരത്തിൽ പങ്കെടുക്കുന്ന ബഹുജനങ്ങൾ രാവിലെ 10 ന് നാഷണൽ ഹൈവേയിൽ എത്തിച്ചേരണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 11 ന് പൊതുപ്രവർത്തകനും മുൻ എം.പിയുമായ അഡ്വ.സെബാസ്റ്റ്യൻ പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സമര സമതി ചെയർമാൻ ഹമീദ് ആയിരത്ത് സമര സമതി പബ്ലിസിറ്റി ചെയർമാൻ വി.എം. അമ്പിളി മോൻ .പി.ഇ ഹരിഹരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.