ആലപ്പുഴ: സ്റ്റാർട്ടിങ്ങ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും കുറ്റികൾ സ്ഥാപിച്ച് ട്രാക്കൊരുക്കം തുടങ്ങി. മഴയും പ്രതികൂല കാലാവസ്ഥയും ഒരു ഭാഗത്ത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, പ്രതിസന്ധികളെ തരണം ചെയ്യാനാവും എന്ന പ്രതീക്ഷയിൽ മുന്നേറുകയാണ് സംഘാടകർ. പവലിയൻ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഏതാനും പ്ലാറ്റ് ഫോമുകളുടെ നിർമ്മാണമാണ് ശേഷിക്കുന്നത്. പ്രധാന ക്ലബുകൾ വള്ളങ്ങൾ നീറ്റിലിറക്കി ട്രാക്കിലെ ട്രയൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കനത്ത മഴയിലാണ് ട്രാക്ക് പരിശീലനം.

ട്രാക്കിന്റെ നീളം കുറച്ചു

മത്സര ട്രാക്കിന്റെ നീളം 1150 മീറ്ററായി നിജപ്പെടുത്തി. സ്റ്റാർട്ടിംഗ് പോയിന്റ് ഭാഗത്ത് പാലം നിർമ്മാണം നടക്കുന്നുണ്ട്. ഈ ഭാഗത്ത് നീളം കുടിയ വള്ളം സുഗമമായി കിടക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ, കാലതാമസമില്ലാതെ മത്സരങ്ങൾ മുന്നേറു. ഇതിന്റെ ഭാഗമായി സ്റ്റാർട്ടിംഗ് പോയിന്റ് തെക്ക് ഭാഗത്തേക്ക് നീക്കി. 1200 മീറ്ററിലധികം നീളമാണ് ട്രാക്കിനുണ്ടായിരുന്നത്.

ആശങ്കയായി മഴ

ഇന്നലെ ഉച്ചയോടെ ജില്ലയുടെ മഞ്ഞ അലർട്ട് ഓറഞ്ചായി. തോരാമഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കനത്ത വെള്ളപ്പൊക്കത്തിൽ പല തവണ വള്ളം കളി മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ മഴ ഇത്തവണ ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകരും വള്ളംകളി പ്രേമികളും. കോടികൾ ചെലവഴിച്ചാണ് ഓരോ ടീമും രംഗത്ത് അണിനിരക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികൂല കാലാവസ്ഥ ക്ലബുകളുടെ ആശങ്കയും കൂട്ടുന്നുണ്ട്.

ട്രയൽ ഉഷാർ

ദിവസേന പ്രധാന ടീമുകളിൽ പലതും ട്രാക്കിൽ ട്രയൽ നടത്താനെത്തുണ്ട്. ട്രാക്കിലെ ട്രയൽ കരയിലെ ആരാധകർ കൃത്യമായി വിലയിരുത്തുന്നുമുണ്ട്. ജലമേളയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകളിൽ മത്സര വിജയിയെ ചൊല്ലിയുള്ള പ്രവചനങ്ങളും പോർവിളികളും ആരംഭിച്ചിട്ടുണ്ട്. പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷിംഗ് പോയിന്റ് തൊടാനുള്ള ട്രയലാണ് വാശിയോടെ നടന്നുവരുന്നത്. മഴയെ അവഗണിച്ചും നിരവധി ജലോത്സവ പ്രേമികളാണ് എല്ലാ ദിവസവും ട്രയൽ കാണാനെത്തുന്നത്.