# അന്വേഷണം തുടങ്ങിയിട്ട് ഒരുമാസം, കാർ കസ്റ്റഡിയിൽ
മാന്നാർ: 15വർഷം മുമ്പ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്നു കുഴിച്ച് മൂടിയ കേസിൽ, അന്വേഷണം ഒരുമാസം പിന്നിടുമ്പോഴും മുഖ്യ പ്രതിക്കായുള്ള കാത്തിരിപ്പിലാണ് പൊലീസ്. കലയുടെ ഭർത്താവ് ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ അനിലിനെ (45) ഒന്നാം പ്രതിയായും ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനുഗോപി (48), സോമരാജൻ (55), പ്രമോദ് (45) എന്നിവരെ യാഥാക്രമം രണ്ട് മുതൽ നാലുവരെയുള്ള
പ്രതികളായിട്ടുമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിൽ
രണ്ട് മുതൽ നാലുവരെയുള്ള പ്രതികൾ റിമാൻഡിലാണ്. എന്നാൽ, ഇസ്രയേലിലുള്ള
ഒന്നാം പ്രതി അനിലിനെ നാട്ടിലെത്തിച്ചെങ്കിൽ മാത്രമേ സംഭവത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകു. അതും പ്രതീക്ഷിച്ചാണ് പൊലീസിന്റെ കാത്തിരിപ്പ്.
കലയുടെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കാർ അന്വേഷണ സംഘം ഒന്നരയാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തത് കോടതിയിൽ ഹാജരാക്കിയിരുന്നു. വെള്ള മാരുതി ആൾട്ടോ കാർ കൊല്ലത്ത് നിന്നുമാണ് പൊലീസ് കണ്ടെടുത്തത്. വാടകയ്‌ക്കെടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് കലയെ അനിൽ കൊലപ്പെടുത്തിയെന്നാണ് നിഗമനം. എന്നാൽ, അനിലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാർ, മാന്നാർ സി.ഐ അനീഷ്.എ, അമ്പലപ്പുഴ സി.ഐ പ്രതീഷ് എന്നിവർ ഉൾപ്പടെ ഇരുപതോളം പേർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വ്യാധിപരത്തി സെപ്റ്റിക് ടാങ്ക്
കലയെ അനുനയിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ അനിൽ, മറ്റ് പ്രതികളുടെ സഹായത്തോടെ സെപ്ടിക് ടാങ്കിൽ തള്ളിയെന്നാണ് കേസ്. ഇതിനോടനുബന്ധിച്ച് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഒരുമാസത്തിന് ശേഷവും സെപ്റ്റിക് ടാങ്ക് തുറന്നു കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മഴവെള്ളം നിറഞ്ഞ് മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നത് പകർച്ച
വ്യാധികൾക്ക് ഇടയാക്കുമോ എന്ന ഭയവുമുണ്ട്. കൊതുക് ശല്യം വർദ്ധിച്ചതായും പരിസരവാസികൾ പറയുന്നു. സെപ്റ്റിക് ടാങ്ക് മൂടുന്നതിനായി പൊലീസിനോടും മറ്റും പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച കലയുടേതെന്ന് സംശയിക്കുന്ന മുടിയിൽ കുത്തുന്ന ക്ലിപ്പിന്റെയും മുടിയുടെയും ഫോറൻസിക് പരിശോധന ഫലം ലഭിക്കാതെ സെപ്റ്റിക് ടാങ്ക് മൂടാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. പരിശോധനാഫലം ലഭിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടി വരും.