എടത്വാ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ആശങ്കയോടെ കുട്ടനാട്ടുകാർ. വയനാട് ദുരന്തവും വടക്കൻ കേരളത്തിലെ പ്രകൃതി ക്ഷോഭവും ഉള്ളുലയ്ക്കുമ്പോഴാണ് നിനച്ചിരിക്കാതെ തെക്കൻ കേരളത്തിലും കാലാവസ്ഥ മുന്നറിയിപ്പെത്തിയത്. പമ്പാനദീതീരത്തെ താമസക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയതോടെ 2018ലെ പ്രളയം ആവർത്തിക്കുമോ എന്ന് ആശങ്കയിലാണ് ജനം. പമ്പാ, അച്ചൻകോവിൽ, മണിമലയാറുകൾ വഴി ഒഴുകിയെത്തുന്ന വെള്ളം കുട്ടനാടിനെ മുക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഭയപ്പാടോട് കൂടിയാണ് ജനങ്ങൾ കഴിയുന്നത്. മഴ തുടരുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. നദികളിലും തോടുകളിലും ജലനിരപ്പ് നേരിയ തോതിൽ മാത്രമാണുയർന്നത്.