മാന്നാർ: ഉപതിരഞ്ഞെടുപ്പ് നടന്ന മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടംപേരൂരിൽ 70.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത ശക്തമായ മഴ പോളിങ്ങിനെ ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഉച്ചയോടെ അന്തരീക്ഷം തെളിഞ്ഞത് ആശ്വാസമായി. മാന്നാർ പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡായ ഇവിടെ 1836 വോട്ടർമാരിൽ 1297 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 75 ശതമാനമായിരുന്നു പോളിംഗ്.
വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് മാന്നാർ പഞ്ചായത്ത് ഓഫീസിൽ നടക്കും.
രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറിന് പൂർത്തിയായി. കുട്ടംപേരൂർ എസ്.കെ.വി ഹൈസ്‌കൂളിൽ നടന്ന വോട്ടെടുപ്പിൽ ബൂത്ത് 1ൽ 721 പേരും ബൂത്ത് 2ൽ 576 പേരും സമ്മതിദാനവകാശം രേഖപ്പെടുത്തി. 706 സ്ത്രീകളും 591 പുരുഷൻമാരും വോട്ട് ചെയ്തു.
മാന്നാർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ അപരനുൾപ്പെടെ 4 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എസ്.ചന്ദ്രകുമാർ (യു.ഡി.എഫ്), എൻ. ശ്രീകുട്ടൻ (എൻ.ഡി.എ), സജു തോമസ് (എൽ.എഡി.എഫ്). ചന്ദ്രൻ (സ്വത) എന്നിവരാണ് സ്‌ഥാനാർഥികൾ. ആകെ പതിനെട്ട് വാർഡുകളുള്ള മാന്നാർ ഗ്രാമപഞ്ചായത്തിൽ നിലവിൽ എട്ടു അംഗങ്ങൾ വീതം തുല്യ ശക്തികളായി എൽ.ഡി.എഫും യു.ഡി.എഫും നിൽക്കുമ്പോൾ എൻ.ഡി.എ ക്ക് ഒരു അംഗമാണുള്ളത്.