മുഹമ്മ: മുഹമ്മ10-ാം വാർഡിൽ കെ.പി.എം യു.പി സ്കൂളിന് സമീപത്തുള്ള അങ്കണവാടി കെട്ടിടത്തിനു മുകളിൽ തൊട്ടടുത്തുള്ള സർക്കാർ സ്ഥലത്തെന വൻ മരം ഭീഷണിഉയർത്തുന്നു. ഏത് സമയവും ഒടിഞ്ഞു വീണ് അപകടം സംഭവിക്കാവുന്ന നിലയിലാണ് ഈമരം. ഇത് വെട്ടി നീക്കുവാനായി അങ്കണവാടി ലെവൽ മോണിട്ടറിംഗ് കമ്മിറ്റി അധികാരികളോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പത്തിലേറെ കുട്ടികളും രണ്ട് അങ്കണവാടി ജീവനക്കാരും ജീവൻ പണയം വച്ചാണ് ഇവിടെ കഴിഞ്ഞു വരുന്നത്. അധികൃതരുടെ അലംഭാവത്തിനെതിരെ പ്രത്യക്ഷസമരപരിപാടികൾക്കായി പ്രദേശവാസികൾ തയ്യാറാകുകയാണ്. അപകടം സംഭവിച്ച് ജീവഹാനികളുണ്ടാകും മുമ്പ് ബന്ധപ്പെട്ട അധികാരികൾ ഉചിത നടപടികൾ സ്വീകരിക്കണമെന്ന് മകരം റെസിഡന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ മകരം പ്രസിഡന്റ് ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. എൻ. അനിൽകുമാർ, എൻ. എ. പൗലോസ്, ബി. രത്നാകരൻ , കെ.കെ.സാനു തുടങ്ങിയവർ സംസാരിച്ചു.