ആലപ്പുഴ : മഴ ശക്തി പ്രാപിച്ചതോടെ ദേശീയപാത വീണ്ടും വെള്ളക്കെട്ടും ചെളിക്കുഴിയുമായി.
അരൂർ മുതൽ ഓച്ചിറ വരെ നവീകരണം നടക്കുന്ന പാതയിലാണ് യാത്ര ദുരിതപൂർണ്ണമായത്.
കഴിഞ്ഞ അഞ്ചു ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ പാതയുടെ പലഭാഗങ്ങളും വെള്ളക്കെട്ടിൽ മുങ്ങി. നിർമ്മാണത്തിനായി നിരത്തിയ ഗ്രാവലും കോൺക്രീറ്റ് മിശ്രിതവും
ഗതാഗതക്കുരുക്കും അപകടവും രൂക്ഷമാക്കി. ഉയരപാതനിർമ്മിക്കുന്ന അരൂരിലാണ് യാത്ര ഏറെ ദുരിതത്തിലായത്. തെരുവുവിളക്കില്ലാത്തതും റോഡിലെ കുഴികളും രാത്രിയാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.
അടിപ്പാത നിർമ്മിക്കുന്ന ഭാഗത്ത് റോഡിന്റെ വശങ്ങളിൽ അരൂർ ഭാഗത്തെ മേൽപ്പാലം നിർമ്മാണത്തിനുള്ള കോൺക്രീറ്റ് മിശ്രിതം ഒലിച്ചിറങ്ങികിടക്കുന്നതും അപകടക്കെണിയാകുന്നുണ്ട്. ചന്തിരൂർ പാലം മുതൽ അരൂർ ബൈപാസ് കവല വരെയുള്ള ഭാഗങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
അപകടവും ഗതാഗതക്കുരുക്കും രൂക്ഷം
1. കായംകുളം മുതൽ അരൂർ വരെയുള്ള ഭാഗത്ത് മാത്രം 25ൽ അധികം വെള്ളക്കെട്ടുണ്ട്. അരൂർ ക്ഷേത്രം കവല, ചന്തിരൂർ, ചന്തിരൂർ ഗവ.ഹൈസ്‌കൂളിന് മുൻവശം, എരമല്ലൂർ, ചന്തിരൂർ അബാദ്, അരൂർ പെട്രോൾ പമ്പ്, കലവൂർ, പുന്നപ്ര, കുറവൻ തോട്, പുറക്കാട്, ഒറ്റപ്പന, തോട്ടപ്പള്ളി കൊട്ടാരവളവ്, കരുവാറ്റ, ഡാണപടി, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിൽ മുട്ടൊപ്പം വെള്ളമാണ്
2. സർവീസ് റോഡ് നിർമ്മിക്കുന്ന ഭാഗങ്ങളിലെ കുഴികൾ നിറഞ്ഞ ഭാഗത്തു പെയ്ത്തുവെള്ളം നിറഞ്ഞ് വെള്ളക്കെട്ടായി. പൈലിംഗിന് ശേഷം രൂപപ്പെടുന്ന ചെളി നീക്കം ചെയ്യാത്തതും അവശേഷിക്കുന്നവ ഒലിച്ചിറങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. പെയ്ത്തുവെള്ളം ഒഴുക്കി വിടാനുള്ള മാർഗം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കണ്ടത്തേണ്ടതുണ്ട്
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണം. നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ ഉയർന്ന തലത്തിലുള്ള എൻ.എച്ച് ഉദ്യോഗസ്ഥ സംഘത്തെ അയക്കണം
- കെ.സി.വേണുഗോപാൽഎം.പി