ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ചുണ്ടൻ വള്ളത്തിലെ ഒന്നാം തുഴക്കാരന് ഇലക്ട്രിക് ഓട്ടോറിക്ഷ സമ്മാനം നൽകുമെന്ന് ട്രിപ്പിൾ എ മോട്ടോഴ്സ് എം.ഡി വിൻസെന്റ് വർക്കി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് നെഹ്രുട്രോഫിയിൽ മുത്തമിടുന്ന ചുണ്ടൻ വള്ളത്തിലെ ഒന്നാം തുഴക്കാരന് സമ്മാനം നൽകുന്നത്. മറ്റ് തുഴച്ചിൽക്കാരിൽ നിന്ന് എന്തെങ്കിലും പ്രത്യേകതയുള്ളയാളായിരിക്കും ഒന്നാം തുഴച്ചിൽക്കാരൻ. അതുകൊണ്ടാണ് നാലു ലക്ഷത്തോളം രൂപ വിലവരുന്ന സമ്മാനം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മാനേജർ സി.പി.ജയമൽകുമാർ, എ.ജി.എം ആർ.മനോജ്കുമാർ, പി.ആർ.ഒ ബെയ്‌സൽ ജോസഫ് എന്നിവർ പങ്കെടുത്തു.