ആലപ്പുഴ : അമൃത് പദ്ധതിയിൽ സിവറേജ് സെക്ടറിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച രണ്ട് മൊബൈൽ സെപ്‌റ്റേജ് യൂണിറ്റിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി ആലപ്പുഴ നഗരസഭ. നഗരത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലേയും സെപ്‌റ്റേജ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിക്ക് കൗൺസിൽ അംഗീകാരം നൽകി. മൊബൈൽ യൂണിറ്റ് പ്രാവർത്തികമാകുന്ന പക്ഷം കക്കൂസ് മാലിന്യം സാങ്കേതിക വിദ്യയാൽ സംസ്‌കരിക്കും. മൊബൈൽ യൂണിറ്റിൽ ടോയ്ലറ്റ് സംസ്‌കരിക്കുന്നതിന് ആവശ്യമായ ട്രീറ്റ്‌മെന്റ് സംവിധാനം വാഹനത്തിൽ പ്രവർത്തന സജ്ജമാക്കും. ഡൽഹി ആസ്ഥാനമായിട്ടുള്ള വാഷ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്ത ടെക്‌നോളജി മൊബൈൽ യൂണിറ്റിൽ പ്രാവർത്തികമാക്കുന്നത്. ട്രീറ്റിൽ ലഭിക്കുന്ന ഖരമാലിന്യം സംസ്‌കരണ യൂണിറ്റിൽ വളമാക്കും. നിലവിൽ യോയ്ലറ്റ് മാലിന്യം ട്രീറ്റ്‌മെന്റ് സംവിധാനവും ഇല്ലാതെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയാനാകും. ടൗൺഹാൾ അണ്ടർ ഗ്രൗണ്ട് അടക്കം മൂന്ന് നിലകളിലായി ആധുനിക രീതിയിൽ നിർമ്മിക്കാനും അംഗീകാരം നൽകി. വയനാട് മുണ്ടകൈയിലും, ചൂരൽ മലയിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ പ്രകൃതി ദുരന്തത്തിൽ നഗരസഭാ കൗൺസിൽ ദുഖം രേഖപ്പെടുത്തി. മരണമടഞ്ഞവർക്ക് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി സൗമ്യരാജ്, കക്ഷിനേതാക്കളായ അഡ്വ. റീഗോരാജു, ഡി.പി.മധു, പി.രതീഷ്, കൗൺസിലർമാരായ, അരവിന്ദാക്ഷൻ, ബി.അജേഷ്, മനു ഉപേന്ദ്രൻ, ആർ.രമേഷ്, ബീനരമേശ്, ബിജി ശങ്കർ, കൊച്ചുത്രേസ്യാമ്മ ജോസഫ്, പി.റഹിയാനത്ത്, ഹെലൻ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.