mannar-ldf

മാന്നാർ: ചെങ്ങന്നൂർ താലൂക്കിലെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ എൽ.ഡി.എഫും എൻ.ഡി.എയും ഓരോ സീറ്റുകൾ നേടി. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടംപേരൂരിൽ എൽ.ഡി.എഫും ചെറിയനാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ബി.ജെ.പിയുമാണ് അട്ടിമറി വിജയങ്ങൾ നേടിയത്. മാന്നാർ കുട്ടംപേരൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ സജു തോമസ് 120 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ എസ്.ചന്ദ്രകുമാറിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എം-589, കോൺഗ്രസ്-469, ബി.ജെ.പി-235 സ്വതന്ത്രൻ-4 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. 2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. സുനിൽ ശ്രദ്ധേയം കൂറുമാറി സി.പി.എമ്മിനോടൊപ്പം ചേർന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു. സുനിലിനെ അയോഗ്യനാക്കിയതിനെ തുടർന്ന് 18 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളും ബി.ജെ.പിക്ക് ഒരു അംഗവുമായിരുന്നു. ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ ഒമ്പത് അംഗങ്ങളുടെ കരുത്തിൽ മാന്നാറിൽ എൽ.ഡി.എഫ് ഭരണം തുടരും.

ചെറിയനാട് ഗ്രാമപഞ്ചായത്ത് നാലാംവാർഡ് ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ഒ.ടി ജയമോഹൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ പി.ഉണ്ണികൃഷ്ണൻനായരെ 107 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ബി.ജെ.പി-510, സി.പി.എം-403, കോൺഗ്രസ്-253 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. വാർഡ് മെമ്പറായിരുന്ന സി.പി.എമ്മിലെ എം.എ ശശികുമാറിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 15അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ്-9, യു.ഡി.എഫ്-2, എൻ.ഡി.എ-2, എസ്.ഡി.പി.ഐ-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് ചെറിയനാട് ഇപ്പോഴത്തെ കക്ഷിനില.

.......

''കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് ന്റെ സമീപനം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ ഈ വിജയമെന്നും മാന്നാറിൽ നടന്ന സമഗ്ര വികസനത്തിന് ജനങ്ങൾ നൽകിയ വിജയമാണിത്

-പ്രൊഫ.പി.ഡി.ശശിധരൻ,സി.പി.എം ഏരിയ സെക്രട്ടറി

''ഭരണസ്വാധീനം ദുർവിനിയോഗം ചെയ്ത് നേടിയതാണ് എൽ.ഡി.എഫിന്റെ വിജയം.

ടി.കെ.ഷാജഹാൻ,യു.ഡി.എഫ് മാന്നാർ മണ്ഡലം ചെയർമാൻ

''പഞ്ചായത്ത് ഭരണത്തിനായി മത്സരിച്ച ഇരുമുന്നണികളും ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പിൽ പ്രാധാന്യമില്ലായെന്ന് പ്രചാരണം നടത്തിയപ്പോഴും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞു.ബി.ജെ.പിയുടെ നേട്ടമാണിത്.

സതീഷ്‌കൃഷ്ണൻ, ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ്