ചേർത്തല: മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ 3ന് നടത്തുന്ന കർക്കടകവാവിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 350 പറ അരിയുടെ നമസ്‌കാര ചോറും 35,000 ലിറ്റർ താൾക്കറിയുമാണ് തയ്യാറാക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് ജി.സജികുമാർ,ഭാരവാഹികളായ കെ.എസ്.ഗോപിനാഥൻ നായർ, എൻ.രാധാകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.നമസ്‌കാര വഴിപാടിനോടൊപ്പം നൽകുന്ന ഔഷധ താൾക്കറിയും ഏറെ പ്രാധാന്യമുള്ളതാണ്. കരപ്പുറത്തെ കാട്ടുചേമ്പിന്റെ താളുപയോഗിച്ചാണ് താൾക്കറിയുണ്ടാക്കുന്നത്. താൾക്കറിയ്ക്കായി ഭക്തരുടെ താൾ സമർപ്പണം തുടങ്ങി. വെള്ളിയാഴ്ച ഉച്ചവരെ ഭക്തർക്ക് താൾ സമർപ്പിക്കാം. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദേവസ്വത്തിന്റെ കാട്ടുതാൾ ശേഖരണ യജ്ഞം ബുധനാഴ്ച തുടങ്ങി. വാവ് ദിനമായ ശനിയാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം ആറോടെ നമസ്‌കാര വഴിപാടും താൾക്കറിയും വിതരണം തുടങ്ങും. ശനിയാഴ്ച ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും. തിരക്ക് നിയന്ത്രിക്കാൻ പൊലീസുമുണ്ടാകും. പാർക്കിംഗിനും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.