ന്യൂഡൽഹി : ഒരു വിദ്യാർത്ഥിക്ക് മാത്രമായി നീറ്ര് യു.ജി പരീക്ഷ വീണ്ടും നടത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് സുപ്രീംകോടതി. ഒ.എം.ആർ ഷീറ്റിൽ തിരിമറികൾ ആരോപിച്ചും പുനഃപരീക്ഷയെഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശബരീഷ് രാജൻ എന്ന വിദ്യാർത്ഥി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജൂൺ 23ന് 1563 വിദ്യാർത്ഥികൾക്കായി പുനഃപരീക്ഷ നടത്തിയത് ജസ്റ്റിസുമാരായ സി.ടി. രവികുമാറും മനോജ് മിശ്രയും അടങ്ങിയ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിയുടെ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
എല്ലാ ഒ.എം.ആർ ഷീറ്റുകളും പരിശോധിക്കണം
നീറ്റ് യു.ജി പരീക്ഷ റദ്ദാക്കുകയല്ല, എല്ലാ ഒ.എം.ആർ ഷീറ്റുകളും വീണ്ടും പരിശോധിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഒരുകൂട്ടം വിദ്യാർത്ഥികളുടെ ഹർജി. പരീക്ഷ റദ്ദാക്കുന്നത്, കഷ്ടപ്പെട്ട് പരീക്ഷയെഴുതിയവരോടുള്ള കടുത്ത അനീതിയാകുമെന്നും ഹർജിയിൽ പറയുന്നു.
വിദ്യാഭ്യാസ കലണ്ടർ:
10 ദിവസത്തിനകം
മറുപടി നൽകണം
കൊച്ചി: പ്രവൃത്തി ദിവസങ്ങൾ 220 ആയി വർദ്ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടറിനെതിരെ കെ.പി.എസ്.ടി.എ നൽകിയ ഹർജിയിൽ പത്ത് ദിവസത്തിനകം മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്. അഡ്വക്കേറ്റ് ജനറലാണ് ഹാജരാകുന്നതെന്നും അതിനായി ഒരു മാസം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയതിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കേണ്ടതുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് പത്ത് ദിവസം സമയപരിധി നിശ്ചയിച്ചത്.
സ്കൂളിലെ രാഷ്ട്രീയം:
മാനേജ്മെന്റിന് തീരുമാനിക്കാം
കൊച്ചി: സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് അനുമതി നൽകണോയെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കാൻ സഹായം ആവശ്യമെങ്കിൽ സർക്കാരും വിദ്യാഭ്യാസവകുപ്പും നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണമെന്നും സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് തടയണമെന്നുമാവശ്യപ്പെട്ട് കണ്ണൂർ പട്ടാനൂർ കെ.പി.സി എച്ച്.എസ്.എസ് പ്രിൻസിപ്പലും മാനേജരും നൽകിയ ഹർജിയിലാണ് ഉത്തരവ്. തങ്ങളുടെ സ്കൂളിൽ തിരഞ്ഞെടുപ്പിന്റെ പേരിൽ രാഷ്ട്രീയ പ്രവർത്തനമാണ് വിദ്യാർത്ഥികൾ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം തങ്ങളുടെ സ്കൂളിൽ രാഷ്ട്രീയ കാമ്പെയ്നുകളും സംഘർഷാവസ്ഥയുമുണ്ടായിരുന്നു. ഈ വർഷവും ഇതിന് സാദ്ധ്യതയുണ്ടെന്നും ഇത് അദ്ധ്യയന അന്തരീക്ഷത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. വിഷയം 12ന് വീണ്ടും പരിഗണിക്കും.