തിരഞ്ഞെടുപ്പ് ഫലത്തിൽ ആത്മ പരിശോധന
ന്യൂഡൽഹി: സി.പി.എമ്മിന്റെ അടുത്ത പാർട്ടി കോൺഗ്രസ് 2025 ഏപ്രിലിൽ നടത്താനും അതിനു മുന്നോടിയായി ഇക്കൊല്ലം സെപ്‌തംബർ മുതൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനും ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. 24-ാം പാർട്ടി കോൺഗ്രസ് വേദി നിശ്ചയിച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രകടനത്തെ കേന്ദ്രകമ്മിറ്റി ആത്മപരിശോധനയോടെ വിലയിരുത്തിയെന്ന് പാർട്ടി
പത്രക്കുറിപ്പിൽ പറയുന്നു. പോരായ്മകളും കുറവുകളും കണ്ടെത്തി. ഇവ പരിഹരിക്കുന്നതിനും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും
സംസ്ഥാന കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. കേരളത്തിൽ ഒരു സീറ്റിലൊതുങ്ങിയ പ്രകടനവും വോട്ടു ചോർച്ചയുമടക്കം കമ്മിറ്റിയിൽ ചർച്ചയായ വിഷയങ്ങളൊന്നും പരാമർശിച്ചിട്ടില്ല. ജനറൽ സെക്രട്ടറിയുടെ പതിവ് വാർത്താ സമ്മേളനവും ഒഴിവാക്കിയിരുന്നു.
ബി.ജെ.പിക്കെതിരെ 'ഇന്ത്യ' മുന്നണിയിലൂടെ മതനിരപേക്ഷ ശക്തികളെ അണിനിരത്തുന്നതിൽ സി.പി.എം മുഖ്യ പങ്കുവഹിച്ചെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് ഒറ്റയ്ക്ക്
ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാക്കി.ഭരണഘടന, മതേതര ജനാധിപത്യം, ഫെഡറലിസം, ജനങ്ങളുടെ പൗരസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാൻ പാർലമെന്റിനകത്തും പുറത്തും മതേതര ജനാധിപത്യ പാർട്ടികളുമായി ചേർന്ന് പോരാട്ടം തുടരും.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ കേന്ദ്ര കമ്മിറ്റി, വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു.പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ശക്തമായ എതിർപ്പും രേഖപ്പെടുത്തി.