ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച അടക്കം വിവാദങ്ങളെ തുടർന്ന് എൻ.ടി.എ നടത്തിയ നീറ്റ് യു.ജി പുന:പരീക്ഷാ ഫലം വന്നു. 1563 പേരിൽ പരീക്ഷ എഴുതിയത് 813 പേരാണ്. ആർക്കും മുഴുവൻ മാർക്കില്ല. ഇതോടെ 720ൽ 720 മാർക്കും ലഭിച്ചവരുടെ എണ്ണം 67ൽ നിന്ന് 61 ആയി കുറഞ്ഞു. പരീക്ഷാ സമയം നഷ്ടമായതിന് ഗ്രേസ് മാർക്ക് ലഭിച്ചവരാണിവർ. ഗ്രേസ് മാർക്ക് പിന്നീട് റദ്ദാക്കി. 720 മാർക്ക് ലഭിച്ച ആറ് പേർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിൽ അഞ്ച് പേരാണ് വീണ്ടും പരീക്ഷ എഴുതിയത്. ഇവർക്ക് 680ന് മുകളിൽ മാർക്ക് ലഭിച്ചു. വീണ്ടും പരീക്ഷയെഴുതിയവർക്ക് പുതിയ സ്‌കോറും എഴുതാത്തവർക്ക് ഗ്രേസ് മാർക്ക് ഇല്ലാത്ത സ്കോറും നൽകും.