ന്യൂഡൽഹി: ബാർബഡോസിൽ നിന്ന് ടി - 20 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ കൊണ്ടുവരാൻ യു.എസിലെ നെവാർക്ക് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ട വിമാനം ഉപയോഗിച്ചത് വിവാദമായി. യാത്രക്കാരുടെ പരാതിയിൽ സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ്(ഡി.ജി.സി.എ) എയർഇന്ത്യയോട് വിശദീകരണം തേടി.
പകരം വിമാനം ഏർപ്പെടുത്തിയെന്ന എയർഇന്ത്യ വാദം യാത്രക്കാർ തള്ളിയിരുന്നു.
ഡി.ജി.സി.എ ചട്ടമനുസരിച്ച് ഷെഡ്യൂൾ ചെയ്‌ത അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കാൻ വിമാന കമ്പനിക്ക് അവകാശമില്ല. ബദൽ സർവീസ് ഏർപ്പെടുത്തിയ ശേഷമേ ചാർട്ടർ സർവീസിന് വിമാനം ഉപയോഗിക്കാവൂ.
എയർഇന്ത്യയുടെ വിശദീകരണം: ബി.സി.സി.ഐയുമായി എയർഇന്ത്യയ്‌ക്ക് കരാറുണ്ട്. മഴ കാരണം ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനെ കൊണ്ടുവരാനുള്ള ചാർട്ടർ സർവീസിനായി വിമാനം അയച്ചത് നെവാർക്ക്-ഡൽഹി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത തരത്തിലാണ്. ഇക്കാര്യം ബുക്ക് ചെയ്ത ഭൂരിപക്ഷം യാത്രക്കാരെയും അറിയിച്ചിരുന്നു. അറിയാത്ത യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം ന്യൂയോർക്കിലെത്തിച്ച് അവിടെ നിന്ന് ഡൽഹി വിമാനത്തിൽ കയറ്റി വിട്ടു.