ന്യൂഡൽഹി : കൃത്യനിർവഹണത്തിനിടെ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും, വീരമൃത്യു വരിക്കുകയും ചെയ്‌ത സേനാ ഉദ്യോഗസ്ഥർക്ക് മരണാനന്തര ബഹുമതിയായി ഉന്നത സൈനിക പുരസ്‌കാരങ്ങൾ നൽകി ആദരിച്ച് രാജ്യം. 2021 ഏപ്രിൽ മൂന്നിന് ഛത്തീസ്ഗഢിലെ ബീജാപൂരിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥരായ ദിലീപ് കുമാർ ദാസ്, രാജ്കുമാർ യാദവ, ബബ്‌ലു രാഭാ, ശംഭു റോയ് എന്നിവർക്കും പഞ്ചാബ് റെജിമെന്റിലെ ക്യാപ്റ്റൻ അൻഷുമാൻ സിംഗിനും, ജമ്മു കാശ്‌മീരിൽ കൊല്ലപ്പെട്ട രാഷ്ട്രീയ റൈഫിൾസിലെ ജവാൻ പവൻകുമാറിനും, പാരച്യൂട്ട് റെജിമെന്റിലെ ഹവിൽദാർ അബ്‌ദുൽ മജീദിനും മരണാനന്തര ബഹുമതിയായി കീർത്തിചക്ര സമ്മാനിച്ചു. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഇതിന് പുറമെ മേജർ ദിഗ്‌വിജയ് സിംഗ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബസ്നേത്, ഹവിൽദാർ പവൻ കുമാർ യാദവ് എന്നിവർക്കും കീർത്തിചക്ര നൽകി ആദരിച്ചു.
26 ഉദ്യോഗസ്ഥർക്ക് ശൗര്യചക്രയും സമ്മാനിച്ചു. ഇതിൽ ഏഴെണ്ണം മരണാനന്തര ബഹുമതിയായാണ് നൽകിയത്. ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുത്തു.