ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിന്റെ പങ്ക് തെളിയിക്കാനുള്ള അന്വേഷണത്തിലാണ് ശ്രദ്ധയെന്ന് സി.ബി.ഐ. കേസിലെ മറ്റ് പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും സി.ബി.ഐ ഇന്നലെ ഡൽഹി കോടതിയെ അറിയിച്ചു.
കേജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച പുതിയ സംഭവവികാസങ്ങൾ സുപ്രീം കോടതിയെ അറിയിക്കുമെന്ന് സി.ബി.ഐ അഭിഭാഷകൻ ഡി.പി. സിംഗ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി കേജ്രിവാളിലാണ് ശ്രദ്ധയെന്നും മറ്റ് പ്രതികൾക്കെതിരായ അന്വേഷണം ഏതാണ്ട് അവസാനിച്ചെന്നും വ്യക്തമാക്കി. ഈ വർഷം ജൂലായ് 3നകം അന്വേഷണം പൂർത്തിയാക്കി അന്തിമ പരാതിയും കുറ്റപത്രവും സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 6-8 മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്ന് 2023 ഒക്ടോബർ 30ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
സിസോദിയയുടെ
കസ്റ്റഡി നീട്ടി
മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെയും മറ്റു പ്രതികളുടെയും ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 15 വരെ നീട്ടി. മണ്ഡലത്തിലെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള വികസനവുമായി ബന്ധപ്പെട്ട രേഖകളിലും കുടുംബത്തിന്റെ ചെലവിനുള്ള ചെക്കുകളിലും ഒപ്പിടാനും ഡൽഹി കോടതി സിസോദിയയെ അനുവദിച്ചു. സി.ബി.ഐ അറസ്റ്റിനെ തുടർന്ന് 2023 ഫെബ്രുവരി 26 മുതൽ സിസോദിയ കസ്റ്റഡിയിലാണ്.
കുറ്റപത്രത്തിലെ ചില പേജുകളിലെ പിഴവുകൾ കാരണം ബി.ആർ.എസ് നേതാവ് കെ. കവിതയ്ക്കെതിരെ സി.ബി.ഐ സമർപ്പിച്ച മൂന്നാമത്തെ അനുബന്ധ കുറ്റപത്രം പരിഗണിക്കുന്നത് കോടതി എട്ടിലേക്ക് മാറ്റി.