ന്യൂഡൽഹി : വേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കുമ്പോൾ നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് പരിഗണിക്കും.
24 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി ഉൾപ്പെട്ടതിനാൽ പരീക്ഷ റദ്ദാക്കുമോ, കൗൺസലിംഗ് തടയുമോ, ഗ്രേസ് മാർക്കിലെ ക്രമക്കേട് എന്നിവയിൽ കോടതി നിലപാട് നിർണായകമാകും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും കോടതിയുടെ ചോദ്യങ്ങളും പ്രധാനമാണ്. ബീഹാറിലെ പാട്ന, ഗുജറാത്തിലെ ഗോധ്ര സെന്ററുകളിൽ മാത്രമാണ് ചോദ്യപേപ്പർ ചോർച്ച ആക്ഷേപമെന്ന് എൻ.ടിഎ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പരീക്ഷ റദ്ദാക്കരുതെന്നും ആവശ്യപ്പെട്ടു. വലിയ ക്രമക്കേടിന് തെളിവില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. വീണ്ടും പരീക്ഷ നടത്തുക യുക്തിപരമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
12 മലയാളി വിദ്യാർത്ഥികളടക്കമാണ് ഹർജി നൽകിയത്. പരീക്ഷയ്‌ക്കായി അനുഭവിച്ച ബുദ്ധിമുട്ടുകളും പുനഃപരീക്ഷ അനീതിയും മൗലികാവകാശ ലംഘനമാകുമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
മറ്റ് കേസുകൾ
പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളുടെയും പൗരത്വ നിയമഭേദഗതിയുടെയും ഭരണഘടനാ സാധുത, ഹാഥ്റസ് ദുരന്തം, ബീഹാറിൽ പാലങ്ങളുടെ തകർച്ച എന്നിവ സംബന്ധിച്ച ഹർജികളും ഉണ്ട്. പിന്നാക്ക സംവരണം 50ൽ നിന്ന് 65 ശതമാനമാക്കിയത് റദ്ദാക്കിയ പാട്ന ഹൈക്കോടതി ഉത്തരവിനെതിരെ ബീഹാർ സർക്കാരിന്റെ ഹർജിയുമുണ്ട്. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം തള്ളിയതിനെതിരെയുള്ള പുനഃപരിശോധനാഹർജികൾ പുനഃസംഘടിപ്പിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.
പട്ടികവിഭാഗത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്നതിന്റെ നിയമസാധുതയിൽ ഉടൻ വിധി പ്രതീക്ഷിക്കുന്നു. ഇ.ഡി അറസ്റ്റിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജിയിലും, ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിലും വിധി പറയാനുണ്ട്.