ന്യൂഡൽഹി : ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ ഇരട്ട ജീവപര്യന്തം കഠിനതടവാക്കി വർദ്ധിപ്പിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ശിക്ഷായിളവ് നൽകി ഇവരെ പുറത്തിറക്കാനുള്ള സർക്കാർ നീക്കം വിവാദത്തിൽ കുരുങ്ങി പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചിലെത്തുന്നത്.
പ്രതികളായ അനൂപ്, കിർമാണി മനോജ് എന്ന മനോജ് കുമാർ, കൊടി സുനി എന്ന എൻ.കെ. സുനിൽ കുമാർ, ടി.കെ. രജീഷ്, ഷാഫി എന്ന കെ.കെ. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് ഹർജിക്കാർ. കൊലക്കുറ്റത്തിന് മാറാട് പ്രത്യേക കോടതി പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. ഇത് ശരിവച്ച ഹൈക്കോടതി, ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി രണ്ടാമതൊരു ജീവപര്യന്തം കഠിനതടവ് കൂടി വിധിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്‌ത് ജാമ്യം നൽകണമെന്നാണ് ആവശ്യം. 12 വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നാണ് വാദം.
വിചാരണക്കോടതി വെറുതെവിട്ടെങ്കിലും, ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചതിനെതിരെയാണ് സി.പി.എം മുൻ ഒഞ്ചിയം ഏര്യാ കമ്മിറ്റി അംഗം കെ.കെ. കൃഷ്‌ണൻ, കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതിബാബു എന്നിവരുടെ അപ്പീൽ. കൊലക്കുറ്റത്തിലെ ജീവപര്യന്തം കഠിനതടവിനെതിരെ പ്രതി അണ്ണൻ സിജിത്ത് സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയും ഉണ്ട്. പ്രതിയും സി.പി.എം നേതാവുമായിരുന്ന പി.കെ. കുഞ്ഞനന്തൻ മരിച്ചെങ്കിലും പിഴത്തുകയായ ഒരു ലക്ഷം രൂപ ഭാര്യ വി.പി. ശാന്തയിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ ശാന്തയും പ്രത്യേകാനുമതി ഹർജി സമർപ്പിച്ചിട്ടുണ്ട്.