ന്യൂഡൽഹി:പശ്ചിമ ബംഗാൾ ഗവർണറുടെ ഓഫീസിനെ അപവാദപ്രചാരണത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഗവർണർ സി.വി. ആനന്ദ ബോസിന്റെ റിപ്പോർട്ടിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയലിനും, ഡി.സി.പി ഇന്ദിരാ മുഖർജിക്കുമെതിരെ അച്ചടക്ക നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടതായി റിപ്പോർട്ട്.
തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടായ അക്രമങ്ങളിലെ ഇരകൾക്ക് ഗവർണറെ കാണാൻ രാജ്ഭവൻ അനുമതി നൽകിയിരുന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ സന്ദർശനം അനുവദിച്ചില്ലെന്ന് ഗവർണർ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതുകാരണം ഉടലെടുത്ത പ്രശ്നങ്ങളും ഗവർണർ തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഐ.പി.എസ് ഉദ്യോഗസ്ഥർ അവരുടെ പ്രവൃത്തികളിലൂടെ ഗവർണറുടെ ഓഫീസിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ജനസേവകർക്ക് യോജിക്കാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്തതായി ഗവർണർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് അയച്ച കത്തിന്റെ പകർപ്പ് സംസ്ഥാന സർക്കാരിനും അയച്ചിരുന്നു. രാജ്ഭവനിലേക്ക് നിയോഗിക്കപ്പെട്ട മറ്റു ചില പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചും ഗവർണറുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഒരു താത്കാലിക ജീവനക്കാരി ഗവർണർക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളെ പൊലീസ് ഉദ്യോഗസ്ഥർ പ്രോത്സാഹിപ്പിച്ചെന്നും രാജ്ഭവനെ അപകീർത്തിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ കുറ്രപ്പെടുത്തി.
മൊബൈൽ ടവർ റെഡി;
ഗവി ഇനി വിളിപ്പുറത്ത്
എം.ബിജുമോഹൻ
പത്തനംതിട്ട: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഗവി വനമേഖല മൊബൈൽ ടവർ പരിധിയിൽ. 3ജി, 4ജി ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭിക്കുന്ന ബി.എസ്.എൻ.എല്ലിന്റെ ടവർ നിർമ്മാണം മീനാറിൽ പൂർത്തിയായി. പരീക്ഷണമെന്ന നിലയിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. 4ജി സേവനങ്ങൾക്കായി ജില്ലയിൽ സജ്ജമാക്കുന്ന നാൽപ്പത് ടവറുകൾക്കൊപ്പം ഇതും വൈകാതെ കമ്മിഷൻ ചെയ്യും.
ഇവിടെ താമസിക്കുന്ന 350 കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും
പൊലീസ്, വനംവകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ഇത് ഏറെ സഹായകമാകും.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിന്ന് നൂറു കിലോമീറ്റർ അകലെ പെരിയാർ ടൈഗർ റിസർവ് വനഭൂമിയിലാണ് ഗവി. വനംവകുപ്പിന്റെ ആങ്ങമൂഴി ചെക്ക്പോസ്റ്റ് കടന്ന് മൂഴിയാർ എത്തുമ്പോഴേക്കും മൊബൈൽ ഫോണുകൾക്ക് റേഞ്ച് കിട്ടിയിരുന്നില്ല.
വന്യമൃഗങ്ങൾക്കു മുന്നിൽ കുടുങ്ങിയാലും ഗതാഗത തടസമുണ്ടായാലും പുറംലോകത്തെ അറിയിക്കാൻ മാർഗമില്ലായിരുന്നു. വനപാലകരുടെ പട്രോളിംഗ് ടീം എത്തുന്നതുവരെ കാത്തിരിക്കുകയോ വനംവകുപ്പ് ചെക്ക്പോസ്റ്റുകളിൽ നേരിട്ടുചെന്ന് അറിയിക്കുകയോ ചെയ്താണ് പ്രശ്നപരിഹാരം കണ്ടിരുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ഈ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനും കഴിഞ്ഞിരുന്നില്ല.
ഇക്കാര്യങ്ങൾ ആന്റോ ആന്റണി എം.പി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ ഉന്നയിച്ചതിനെ തുടർന്നാണ് ടവർ നിർമ്മിച്ചത്. ഇപ്പോൾ മൂന്ന് കിലോമീറ്ററിനുള്ളിൽ റേഞ്ച് ലഭിക്കും. അഞ്ച് കിലോമീറ്റർ വരെയാണ് പരിധിയെന്ന് ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു.