a

ന്യൂഡൽഹി : ജാമ്യമനുവദിക്കാൻ പ്രതി ഗൂഗിൾ ലൊക്കേഷൻ അന്വേഷണണോദ്യോഗസ്ഥന് കൈമാറണമെന്ന് കീഴ്ക്കോടതികൾ വ്യവസ്ഥ വയ്‌ക്കുന്നത് നിറുത്തലാക്കി സുപ്രീംകോടതി. പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ പൊലീസിനെ അനുവദിക്കുന്നത് സ്വകാര്യത എന്ന മൗലികാവകാശത്തിന് എതിരാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രതിയുടെ സഞ്ചാരം സദാസമയവും ട്രാക്ക് ചെയ്യാൻ പൊലീസിനെ അനുവദിക്കാനാകില്ല.

ലഹരിമരുന്ന് കേസിൽ പ്രതിയായ നൈജീരിയൻ സ്വദേശി ഫ്രാങ്ക് വൈറ്രസിന് ഇടക്കാല ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി,​ ഗൂഗിൾ ലൊക്കേഷൻ കൈമാറണമെന്ന് നിർദ്ദേശിച്ചു. പ്രതി രാജ്യം വിട്ടുപോകില്ലെന്ന് നൈജീരിയൻ എംബസി രേഖാമൂലം ഉറപ്പുനൽകണമെന്നും വ്യവസ്ഥ വച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു വ്യവസ്ഥകളും സുപ്രീംകോടതി ഒഴിവാക്കി.