ന്യൂഡൽഹി : ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം.

നയപരമായ വിഷയമായതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.സംസ്ഥാനങ്ങൾക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ബീഹാർ ഒഴികെ മറ്റ് സംസ്ഥാനങ്ങൾ അവധി നടപ്പാക്കാത്തത് സ്ത്രീകളുടെ തുല്യത എന്ന മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

ഹർജിക്കാരനായ പൊതുപ്രവർത്തകൻ ശൈലേന്ദ്ര മണി ത്രിപാഠിക്ക് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. മന്ത്രാലയത്തിന്റെ സെക്രട്ടറി ആവശ്യം പരിശോധിക്കുകയും നയപരമായി പരിഗണിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.