a

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി ജനതയെ ആശ്വസിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാമിലെ പ്രളയ ബാധിത പ്രദേശങ്ങളും സന്ദർശിച്ചു.

അക്രമം മുറിവേൽപ്പിച്ച മണിപ്പൂരിന് സമാധാനമാണ് വേണ്ടത്. സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം മണിപ്പൂർ ജനതയ്‌ക്ക് ആശ്വാസം നൽകും. കോൺഗ്രസ് എല്ലാ പിന്തുണയും വാഗ്‌ദാനം നൽകുന്നു. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കലാണ് ലക്ഷ്യം. ഇതിന് രാഷ്‌ട്രീയത്തിനില്ല.

മണിപ്പൂരിലെ ബിഷ്ണുപൂർ മൊയ്‌റാംഗ്, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ജനങ്ങളുമായി സംവദിച്ചു. ഇംഫാലിൽ ഗവർണർ അനുസൂയ ഉയ്കെയെയുമായും കൂടിക്കാഴ്‌ച നടത്തി.ഇന്നലെ രാവിലെ അസാമിലെ സിൽചാർ വിമാനത്താവളത്തിൽ എത്തിയ രാഹുലിന് ഹൃദ്യമായ സ്വീകരണം നൽകി. വെള്ളപ്പൊക്കം നാശം വിതച്ച അസമിലെ ഫുലേർട്ടലിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആദ്യം പോയത്.

പ്രളയരഹിത സംസ്ഥാനമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അസാമിലെ ജനങ്ങൾക്ക് ദുരിതം വിതച്ചതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ദീർഘകാലാടിസ്ഥാനത്തിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ വടക്കുകിഴക്കൻ ജല മാനേജ്മെന്റ് നിലവിൽ വരണം. അസമിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു, പാർലമെന്റിൽ അവർക്കായി വാദിക്കും.