ന്യൂഡൽഹി: സിനിമകളിലും ദൃശ്യമാദ്ധ്യമങ്ങളിലും ഭിന്നശേഷിക്കാരെ മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കാൻ മാർഗരേഖ പുറത്തിറക്കി സുപ്രീംകോടതി.
ഭിന്നശേഷിക്കാരെ പരിഹസിക്കാൻ സിനിമകളിലും മറ്റും ഉപയോഗിക്കുന്ന വാക്കുകൾക്കെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. ആംഖ് മിച്ചോലി എന്ന ഹിന്ദി സിനിമയിൽ ഭിന്നശേഷിക്കാരെ ഇകഴ്‌ത്തുന്ന പ്രയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിപുൺ മൽഹോത്ര എന്നയാളാണ് കോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം,സ്‌ക്രീനിംഗിന് മുമ്പ് വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്നും കോടതി നിർദ്ദേശിച്ചു.
അവരുടെ വെല്ലുവിളികൾ മാത്രമല്ല,നേട്ടങ്ങളും കഴിവുകളും സമൂഹത്തിന് നൽകുന്ന സംഭാവനകളും കാണിക്കണമെന്ന് മാർഗരേഖയിലുണ്ട്. കെട്ടുകഥകളിലെ കഥാപാത്രങ്ങളാക്കുകയോ സൂപ്പർ ഭിന്നശേഷിക്കാരായി ചിത്രീകരിക്കുകയോ ചെയ്യരുതെന്നും കൂട്ടിച്ചേർത്തു.