e

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന വുദുഖാന (വാട്ടർ ടാങ്ക്) മേഖലയിലും ശാസ്ത്രീയ സർവേ നടത്തണമെന്ന ഹർജിയിൽ മസ്ജിദ് കമ്മിറ്റിയുടെ നിലപാട് തേടി അലഹബാദ് ഹൈക്കോടതി. വുദുഖാന ഒഴികെയുള്ള പള്ളി വളപ്പിലെ മുഴുവൻ ഇടങ്ങളിലും ശാസ്ത്രീയ സർവേ നടത്താനായിരുന്നു വാരാണസി ജില്ലാക്കോടതി ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ, നീതിയുടെ താത്പര്യത്തിന് വുദുഖാന മേഖലയിലും ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് വിശ്വാസിയാണെന്ന് അവകാശപ്പെട്ട രാഖി സിംഗ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തുട‌ർന്നാണ് ജസ്റ്രിസ് രോഹിത് രഞ്ജൻ അഗർവാൾ മസ്ജിദ് കമ്മിറ്റിയുടെ മറുപടി ആവശ്യപ്പെട്ടത്. ആഗസ്റ്റ് 20ന് വിഷയം വീണ്ടും പരിഗണിക്കും. പ്രാർത്ഥനയ്ക്ക് മുമ്പായി മുസ്ലിം വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സ്ഥലമാണ് വുദുഖാന. അവിടെ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹ‌ർജിക്കാരിയുടെ വാദം. അത് ജലധാരയാണെന്ന് മസ്ജിദ് കമ്മിറ്റി പറയുന്നു. 2022 മേയിൽ മേഖല സീൽ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.