ന്യൂഡൽഹി: അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ കത്വയിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഭീകരർക്കായി തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം റഷ്യയിലായിരുന്ന പ്രധനമന്ത്രി നരേന്ദ്രമോദി അവിടെനിന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ഭീകരർക്ക് കടുത്ത മറുപടി നൽകുമെന്ന് കരസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഭീകരരുടെ നുഴഞ്ഞുകയറ്റ സാദ്ധ്യത കണക്കിലെടുത്ത് ഹിമാചൽ പ്രദേശിലും സുരക്ഷ ശക്തമാക്കി. അതിർത്തി മേഖലയായ നൂർപൂരിൽ പൊലീസ് കടുത്ത ജാഗ്രതയിലാണ്. വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചു. നൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഹിമാചൽ പ്രദേശിന്റെ പ്രവേശന കവാടമായ കണ്ട്വാളിൽ വിശദമായ പരിശോധനയ്‌ക്കു ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കത്വയിലെ വനമേഖലയിലാണ് ഭീകരർക്കായി തെരച്ചിൽ നടക്കുന്നത്. അതേ സമയം ചിലയിടങ്ങളിൽ ഇപ്പോഴും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി ദോഡയിൽ കനത്ത വെടിവയ്‌പുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.