ന്യൂഡൽഹി : ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ തുടങ്ങിയവ വീടുകളിൽ നിന്ന് ശേഖരിക്കാൻ കൊച്ചി നഗരസഭ പ്രത്യേക ഫീസ് ഈടാക്കുന്നുവെന്ന ഹർജിയിൽ കേരളത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേക ഫീസ് ചുമത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് സ്റ്റിസുമാരായ സൂര്യകാന്ത്,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. അധിക തുക പാവപ്പെട്ടവർക്ക് താങ്ങാൻ കഴിയുമോയെന്നും ആരാഞ്ഞു. യൂസർ ഫീ നിയമാനുസൃതമായിരിക്കണമെന്നും നിരീക്ഷിച്ചു. സെപ്‌തംബറിൽ വിഷയം വീണ്ടും പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഉപയോഗിച്ച സാനിറ്ററി വസ്തുക്കൾ ശേഖരിക്കുന്നതിൽ ഒട്ടേറെ സംസ്ഥാനങ്ങൾ വിവേചനം കാട്ടുന്നുവെന്ന പൊതുതാത്പര്യഹർജിയാണ് കോടതി പരിഗണിച്ചത്.