ന്യൂഡൽഹി :അമേരിക്കയിൽ ഡൊണാൾഡ് ട്രംപിനെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 2013ൽ മോദി പങ്കെടുക്കാനിരുന്ന പാട്നയിലെ റാലിയിലെ സ‌്ഫോടന പരമ്പര ഓർമ്മിപ്പിച്ച് ബി.ജെ.പി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു മോദി. 2013 ഒക്‌ടോബർ 27ന് പാട്നയിൽ മോദിയുടെ വേദിക്ക് തൊട്ടടുത്തും സമീപപ്രദേശങ്ങളിലുമായി ആറു ബോംബുകളാണ് പൊട്ടിയത്. ആറുപേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കേറ്റു. ചാവേറിനെ ഉപയോഗിച്ച് മോദിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അമിത് മാളവ്യ എക്‌സിൽ കുറിച്ചു. കേസിൽ 2021ൽ നാലു ഭീകരർക്ക് തൂക്കുകയർ വിധിച്ചു. ഇന്ത്യൻ മുജാഹിദീൻ, സിമി അംഗങ്ങളായ ഒൻപതു പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.
പിന്നിൽ രാജ്യാന്തര ഇടതുശൃംഖല
ജനപ്രിയ നേതാക്കളെ മോശമായി ചിത്രീകരിച്ച് താഴെയിറക്കാൻ രാജ്യാന്തര ഇടതുപക്ഷ ശക്തികൾ ഗൂഢാലോചന നടത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നിയന്ത്രിക്കാനും ഇടതുപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണിത്. ഭീഷണി യഥാർത്ഥമാണ്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ അബെ വധിക്കപ്പെട്ടു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയ്‌ക്കെതിരെ വധശ്രമമുണ്ടായി. ഇപ്പോൾ ട്രംപിന് നേരെയും. രാജ്യാന്തര ഇടതുപക്ഷത്തിന്റെ ആക്രമണത്തെ ഇന്ത്യ അതിജീവിച്ചു, മോദി മൂന്നാമതും പ്രധാനമന്ത്രിയായി. ഇന്ത്യയിലെ പ്രതിപക്ഷം ചെയ്‌തതു പോലെ 'ജനാധിപത്യം അപകടത്തിലാണ്' എന്ന പ്രചാരണമാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും. രണ്ടിടത്തും എതിരാളികളെ ഏകാധിപതികളെന്ന് വിളിക്കുന്നു. ട്രംപിനെതിരെയുള്ള ആക്രമണത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിക്കുന്നതിൽ ആത്മാർത്ഥതയില്ലെന്നും അമിത് മാളവ്യ പറഞ്ഞു.
അഗാധമായ ആശങ്കയെന്ന് മോദി
ഡൊണാൾഡ് ട്രംപിനെതിരെ നടന്ന ആക്രമണത്തിൽ അഗാധമായ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. എന്റെ സുഹൃത്തായ ട്രംപിന് വേഗം സുഖമാകട്ടെയെന്ന് ആശംസിക്കുന്നു. മരിച്ച ട്രംപ് അനുഭാവിയുടെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുന്നു. പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്കുമൊപ്പം രാജ്യത്തിന്റെ പ്രാർത്ഥനയുണ്ട്.