j-chinchurani

ന്യൂഡൽഹി: ആലപ്പുഴയിൽ പക്ഷിപ്പനി നിയന്ത്രിക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്ന സൂചന നൽകി മന്ത്രി ജെ.ചിഞ്ചുറാണി. 2025 മാർച്ച് വരെ ആലപ്പുഴയിൽ താറാവും കോഴിയും അടക്കമുള്ളവയുടെ വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. 38ലധികം സ്‌പോട്ടുകൾ നിർണായകമാണ്. കർഷകരുമായി ചർച്ച നടത്തി. വൈറസിന്റെ ശക്തി കുറയുന്നതു വരെ നിയന്ത്രണങ്ങൾ വേണ്ടിവരും.

കേന്ദ്ര മൃഗസംരക്ഷണ -ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ്, സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പക്ഷിപ്പനി നേരിടാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ഉൾപ്പെടെ ചർച്ച ചെയ്തു. പാലോട് പക്ഷിപ്പനി നിരീക്ഷണ ലാബ് സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി പറഞ്ഞു.

കുട്ടനാട്ടിൽ പരമ്പരാഗത താറാവ് വളർത്തൽ നിലനിറുത്താൻ പക്ഷിപ്പനി പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണെന്ന വിഷയം പരിശോധിക്കാമെന്നും ഉറപ്പു നൽകി. കുട്ടനാട്ടിലടക്കം രോഗസാദ്ധ്യതയുള്ള പ്രദേശങ്ങളിലെ താറാവ്, കോഴി കർഷകർക്ക് ഉപജീവന പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കർഷകരുടെ നഷ്‌ടം പരിഹരിക്കുന്നതിന് കേന്ദ്ര കുടിശികയായ 620.09 ലക്ഷം രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. നഷ്ടപരിഹാര ഇനത്തിൽ കേരളത്തിന് ലഭിക്കേണ്ട തുക എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.