a

ന്യൂഡൽഹി : ഗ്യാൻവാപിക്ക് സമാനമായി,​ മദ്ധ്യപ്രദേശിലെ ഭോജ്ശാല കമൽ മൗല മസ്ജിദ് മേഖലയിൽ ശാസ്ത്രീയ സ‌ർവേ നടത്തിയതിന്റെ റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ)​ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇൻഡോർ ബെഞ്ചിലാണ് 2000ൽപ്പരം പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന നിഗമനമാണ് റിപ്പോർട്ടിലുള്ളത്.

ത‌ർക്കമേഖലയിലെ തൂണുകളിലെ വാസ്‌തുവിദ്യകൾ പരിശോധിച്ചതിൽ അവ പുരാതന ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. മസ്ജിദ് നി‌ർമ്മിച്ചപ്പോൾ ഇവ പുനരുപയോഗിച്ചു. തൂണുകളിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങളിൽ മാറ്റംവരുത്തി. എന്നാൽ 'കീർത്തിമുഖ' എന്ന സവിശേഷതയാർന്ന ചിത്രങ്ങൾ നശിപ്പിച്ചിട്ടില്ല. കെട്ടിടത്തിൽ സംസ്‌കൃതത്തിലുള്ള ലിഖിതങ്ങളുണ്ട്. എ.ഡി 1094 മുതൽ 1133 വരെ ഭരിച്ച പരാമര രാജവംശത്തിലെ രാജാവ് നരവർമ്മന്റെ പേര് ഈ ലിഖിതങ്ങളിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭോജ്ശാല സമുച്ചയം സരസ്വതീക്ഷേത്രമെന്ന് ഒരുവിഭാഗവും മസ്ജിദ് ആണെന്ന് മറുവിഭാഗവും കാലങ്ങളായി തർക്കമുന്നയിച്ചു വരികയാണ്. മേഖലയിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു സർവേ.

94 ശില്പങ്ങൾ

 ഭോജ്ശാല കോംപ്ലക്‌സിൽ പരിശോധന നടത്തിയപ്പോൾ 94 ശിൽപ്പങ്ങളും സങ്കീർണമായ കൊത്തുപണികളുള്ള വസ്‌തുക്കളും കണ്ടെത്തി

 മാർബിൾ, ബസാൾട്ട്, ചുണ്ണാമ്പുക്കല്ല് തുടങ്ങിയവ ഉപയോഗിച്ച് നി‌ർമ്മിച്ച പുരാവസ്‌തുക്കൾ കലാപൈതൃകത്തിന് തെളിവാണെന്ന് റിപ്പോർട്ടിൽ പറയുന്നു