ന്യൂഡൽഹി: ജമ്മുകാശ‌്മീർ സ്വദേശിയും ഇന്ത്യൻ ഫോറിൻ സർവീസ് 1989 ബാച്ച് ഉദ്യോഗസ്ഥനുമായ വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. ഉപ സുരക്ഷാ ഉപദേഷ്‌ടാവായി സേവനമനുഷ്‌ഠിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻസിംഗ്, ഐ.കെ. ഗുജ്‌രാൾ എന്നിവരുടെയും പഴ്‌സണൽ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചിരുന്നു.
പാകിസ്ഥാൻ, ചൈന വിഷയങ്ങളിൽ വിദഗ്‌ദ്ധനാണ്. പാകിസ്ഥാനിൽ ജോലി ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ പാക് ഡെസ്‌കിന്റെ ചുമതലയും വഹിച്ചു. ലഡാക് അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായ 2020ൽ ചൈനീസ് അംബാഡറുമായിരുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഇന്ത്യൻ മിഷനുകളിൽ പ്രവർത്തിച്ചു.