ന്യൂഡൽഹി: നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഇ.ഡിക്ക് സുപ്രീംകോടതി നിർദ്ദേശം. വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്‌ന സുരേഷ് തുടങ്ങിയവരാണ് എതിർകക്ഷികൾ. കേരളത്തിൽ വിചാരണ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നാണ് ഇ.ഡി വാദം.
ഇ.ഡിക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത സ്ഥലത്തില്ലാത്തതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാഴ്ച് ശേഷം പരിഗണിക്കാൻ തീരുമാനിച്ചു. അന്വേഷണപുരോഗതി അപ്പോൾ അറിയിക്കണം. ബംഗളൂരുവിലേക്ക് വിചാരണ മാറ്റണമെന്ന ആവശ്യത്തിൽ പ്രതികളുടെ ഭാഗവും കേൾക്കണമെന്ന് ശിവശങ്കറുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.