ന്യൂഡൽഹി: അപരിചിതയോട് പേരും മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും ചോദിക്കുന്നത് അനുചിതമാണെന്നും എന്നാൽ ലൈംഗിക അതിക്രമമായി കാണാൻ കഴിയില്ലെന്നും നിരീക്ഷിച്ച് ഗുജറാത്ത് ഹൈക്കോടതി. ഗാന്ധിനഗർ സ്വദേശി സമീർ റോയ്ക്കെതിരെ ലൈംഗിക അതിക്രമ കുറ്റം ചുമത്തിയ എഫ്.ഐ.ആറിലെ അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് നിസാർ ദേശായിയുടെ നിരീക്ഷണം. കേസിലെ വസ്തുതകൾ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ട്യാ ലൈംഗിക അതിക്രമ കുറ്റം നിലനിൽക്കില്ലെന്നാണ് മനസിലാക്കുന്നത്. ഇത്തരം കാര്യങ്ങൾ ചോദിച്ചതിന് പിന്നിൽ എന്തെങ്കിലും ദുരുദ്ദ്യേശമുള്ളതായി ബോദ്ധ്യപ്പെട്ടോ എന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചു.
തികച്ചും അപരിചിതനായ സമീർ തന്നോട് പേരും മേൽവിലാസവും ഫോൺ നമ്പറും ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലായിരുന്നു കേസ്. എന്നാൽ, തന്നെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച ചില പൊലീസുകാർക്കെതിരെ പരാതി നൽകിയിരുന്നുവെന്നും അതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്ലെന്നുമാണ് സമീറിന്റെ വാദം. പൊലീസുകാർക്കെതിരെ പരാതിപ്പെട്ടതിന് പിന്നാലെയായിരുന്നു യുവതിയുടെ ആരോപണത്തിൽ എഫ്.ഐ.ആറെന്നും വ്യക്തമാക്കി.