ന്യൂഡൽഹി : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിൽ പോര് രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ, മൺസൂൺ ഓഫർ പ്രഖ്യാപിച്ച് സമാജ്‌വാട്ടി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്.
നൂറു പേരെ കൊണ്ടുവരൂ, സർക്കാർ രൂപീകരിക്കൂ എന്ന് അഖിലേഷ് ഇന്നലെ എക്‌സിൽ കുറിച്ചത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി. കേശവ് പ്രസാദ് മൗര്യയ്‌ക്കാണ് അഖിലേഷിന്റെ വാഗ്ദാനമെന്നാണ് അഭ്യൂഹം. ഉത്തർപ്രദേശ് ബി.ജെ.പിയിലെ ആഭ്യന്തരതർക്കം അഖിലേഷ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായുള്ള പടലപിണക്കം സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നും വ്യക്തമാക്കി.
പൊതു തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് യു.പി ബി.ജെ.പി ഘടകത്തിലെ തർക്കവും അധികാര വടംവലിയും മറനീക്കിയത്. ഡൽഹിയിലും ലക്‌നൗവിലും മുതിർന്ന നേതാക്കൾ പരിഹാരശ്രമങ്ങൾ നടത്തുന്നുണ്ട്. ഉത്തർപ്രദേശിൽ സംഘടനാതലത്തിലും, സർക്കാരിലും പുന:സംഘടനയുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്.