df

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആക്ഷേപങ്ങൾ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന ഹർജികൾ സുപ്രീംകോടതി 22ന് പരിഗണിക്കും. ഇന്നലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുന്നിൽ ഉന്നയിച്ചു. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ഹ‌ർജികളും അന്നുതന്നെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബോണ്ടിന്റെ മറവിൽ രാഷ്ട്രീയപാർട്ടികളും കോർപറേറ്റുകളുമായി അവിശുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് ഹ‌ർജികളിലെ ആക്ഷേപം. സംഭാവനകൾക്ക് പ്രത്യുപകാരമായി കോർപറേറ്റുകൾക്ക് കരാറുകളും ലൈസൻസകളും ലഭിച്ചു. സംഭാവന നൽകിയ കോർപറേറ്റുകൾക്ക് അനുകൂലമായി സർക്കാർ നയങ്ങൾ രൂപപ്പെട്ടുവെന്നും ഹർജികളിൽ ആരോപിക്കുന്നു.