k

ന്യൂഡൽഹി: കാവഡ് തീർത്ഥാടകർ സഞ്ചരിക്കുന്ന പാതയിലെ കച്ചവടക്കാർ മതം വ്യക്തമാക്കുന്ന വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് വിവാദത്തിൽ. ഇതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. കച്ചവട സ്ഥാപനത്തിന് ഹിന്ദു പേരിട്ട് മാംസാഹാരം വിൽക്കുന്നത് തടയാനാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഉത്തരവ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സഖ്യകക്ഷികളായ ജെ.ഡി.യു, എൽ.ജെ.പി, ആർ.എൽ.ഡി കക്ഷികളുൾപ്പെടെ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം മുസാഫർ നഗർ പൊലീസാണ് കാവഡ് റൂട്ടിലെ ഹോട്ടലുകൾ, ധാബകൾ, റെസ്റ്റോറന്റുകൾ എന്നിവയ്‌ക്കായി ഉത്തരവ് ആദ്യം ഇറക്കിയത്. ഇന്നലെ ഹരിദ്വാർ പൊലീസും ഉത്തരവിറക്കി. ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡിയുവും ലോക് ജനശക്തി പാർട്ടിയും രൂക്ഷവിമർശനവുമായി രംഗത്തെത്തി.

ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിവേചനത്തെ ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രമന്ത്രിയും എൽ.ജെ.പി അദ്ധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. എന്തുവാങ്ങണമെന്നത് ഉപഭോക്താവിന്റെ ഇഷ്‌ടമാണെന്നും മദ്യം വാങ്ങുമ്പോൾ ഇല്ലാത്ത പ്രശ്‌നമാണ് മാംസത്തിന്റെ പേരിൽ ഉണ്ടാക്കുന്നതെന്നും ആർ.എൽ.ഡി നേതാവ് ത്രിലോക് ത്യാഗി ചൂണ്ടിക്കാട്ടി.

ഉത്തരവ് ഭരണഘടനാവിരുദ്ധവും സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതുമാണെന്നും നീക്കത്തെ ശക്തമായി എതിർക്കുമെന്നും മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എംപി.അബ്ദുസ്സമദ് സമദാനി, നവാസ്ഗനി, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും എം പി മാർ അറിയിച്ചു.


മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടാതിരിക്കാൻ ഹലാൽ രേഖ പ്രദർശിപ്പിക്കാമെങ്കിൽ കാവഡ് യാത്രക്കാർക്കായുള്ള ഉത്തരവും തെറ്റല്ല

-ഷെഹ്‌സാദ് പൂനവാല

ബി.ജെ.പി വക്താവ്

പ്രധാനമന്ത്രിയുടെ 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും വികസനം' എന്ന തത്വശാസ്ത്രത്തിനും ഇന്ത്യൻ സമൂഹത്തിനും വിരുദ്ധമാണിത്. ഉത്തരവ് പുനഃപരിശോധിക്കുകയോ പിൻവലിക്കുകയോ ചെയ്യണം.

- കെ.സി. ത്യാഗി

ജെ.ഡി.യു നേതാവ്

നിർണായക യോഗം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ യോഗിക്കെതിരെ പടയൊരുക്കം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് ലക്‌നൗവിൽ ആർ.എസ്.എസ്-ബി.ജെ.പി സംയുക്ത യോഗം ആരംഭിക്കും. കാവഡ് യാത്രാ പ്രശ്നവും ചർച്ചയായേക്കും. യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർ.എസ്.എസിന്റെ ഇടപെടൽ. ചിലർ അമാനുഷരാകാൻ ശ്രമിക്കുന്നുവെന്ന മോദിക്കെതിരെയുള്ള മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനത്തോട് പ്രതികരിക്കേണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ അതൃപ്തി അറിയിച്ചേക്കും.