ന്യൂഡൽഹി: മണിപ്പൂർ കലാപത്തിലെ ഇരകളുടെ നഷ്‌ടപരിഹാരം, പുനരധിവാസം, കേസുകളുടെ അന്വേഷണ മേൽനോട്ടം തുടങ്ങിവയ്‌ക്കായി സുപ്രീംകോടതി നിയോഗിച്ചിരുന്ന ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷയായ സമിതിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുന്നിൽ ആവശ്യമുന്നയിച്ചു. ജൂലായ് 15ന് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചു. സുപ്രധാന പ്രവർത്തനങ്ങൾ തുടരുകയാണെന്നും, കാലാവധി നീട്ടണമെന്നും സമിതി അറിയിച്ചു. അക്കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി.
2023 ആഗസ്റ്റ് ഏഴിനാണ് ജമ്മു കാശ്മീർ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷയായി മൂന്ന് റിട്ടേയർഡ് ഹൈക്കോടതി വനിത ജഡ്ജിമാരുടെ സമിതി സുപ്രീംകോടതി രൂപീകരിച്ചത്. ഡൽഹി ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത മലയാളിയായ ജസ്റ്റിസ് ആശ മേനോൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ശാലിനി ജോഷി എന്നിവരാണ് സമിതിയിലെ മറ്രു രണ്ട് അംഗങ്ങൾ.